മത ചാവേറാകാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ ”ഒന്ന് പോടാ കൂവേ ,വേണമെങ്കില്‍ ഷെയറിട്ട് ഒരു പൈന്റ് കഴിക്കാം ഒപ്പം ഒരല്‍പം ബീഫും കഴിക്കാം നല്ല നാലു പാട്ടും പാടാം ”എന്ന് പറയാന്‍ പറ്റുന്ന മതത്തെ എന്തേ ആര്‍ക്കും വേണ്ടാത്തേ- എസ് എം രാജ് എഴുതുന്നു

മത ചാവേറാകാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ ”ഒന്ന് പോടാ കൂവേ ,വേണമെങ്കില്‍ ഷെയറിട്ട് ഒരു പൈന്റ് കഴിക്കാം ഒപ്പം ഒരല്‍പം ബീഫും കഴിക്കാം നല്ല നാലു പാട്ടും പാടാം ”എന്ന് പറയാന്‍ പറ്റുന്ന മതത്തെ എന്തേ ആര്‍ക്കും വേണ്ടാത്തേ .

പല ആളുകളും അവരുടെ പ്രൊഫൈല്‍ ചിത്രത്തോടൊപ്പം ‘മതം ഉപേക്ഷിക്കൂ മനുഷ്യന്‍ ആകൂ ” എന്നൊരു തലവാചകം കൂടി ചേര്‍ത്തുവരുന്നതായി കാണുന്നു .മതം ഉപേക്ഷിച്ചാല്‍ മനുഷ്യന്‍ ആകാനുള്ള ഒരു സാധ്യതയെ ആണ് ആ തലക്കെട്ട്‌ സൂചിപ്പിക്കുന്നത് .എന്നാല്‍ മതങ്ങളുടെ ആവീര്‍ഭാവത്തിനും വളരെ മുന്‍പേ മനുഷ്യര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നു. അന്നൊക്കെ തന്നെ ഇന്ന് നാം മനുഷ്യത്വം എന്ന് പറയുന്ന രീതികള്‍ക്ക് വിരുദ്ധമായി തന്നെയാണവര്‍ ജീവിച്ചിരുന്നത് എന്നതില്‍ നിന്നും ”മതം ഉപേക്ഷിച്ചാല്‍ ഉടന്‍ ആളുകള്‍ മനുഷ്യത്വമുള്ളവര്‍ ”ആകും എന്നത് അതിരുകടന്ന ഒരു സാമാന്യവല്‍ക്കരണം ആയി പോയി എന്നേ ഞാന്‍ കരുതുന്നുള്ളൂ .എന്നിരുന്നാല്‍ തന്നെയും തത്വത്തിലെങ്കിലും മതവും ജാതിയും ഉപേക്ഷിക്കണം എന്ന് പറയുന്നതിന്‍റെ ഒരു ആര്‍ജ്ജവം ഞാനും ഉള്‍ക്കൊള്ളുന്നു .

മതത്തേയും ദൈവത്തേയും മറികടക്കാനുള്ള ഏറ്റവും എളുപ്പവഴി ഈ രണ്ടിനേയും ഹാസ്യരൂപത്തില്‍ സമീപിക്കുക എന്നത് മാത്രമാണ്. മതവും ദൈവവും വലിയ സംഗതികള്‍ ആണെന്നും ,അവ നമ്മുടെ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നവ ആണെന്നും മറ്റും കരുതുന്നതിന് പകരം നമ്മുടെ നിത്യജീവിതത്തില്‍ ഒരു കാര്യവുമില്ലാതെ നമ്മള്‍ ചെയ്യുന്ന പല മണ്ടത്തരങ്ങളേയും പോലുള്ള ഒരു മണ്ടത്തരമായി മാത്രം ദൈവത്തേയും മതത്തേയും കാണുക. കുട്ടിക്കാലത്ത് പ്രേതത്തേയും പിശാചിനേയും പേടിക്കാത്തവര്‍ ഉണ്ടാകില്ലലോ .എന്നാല്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ ,ഇനി പേടിച്ചാലും, പ്രേതവും പിശാചും ഉണ്ടെന്ന് കരുതുന്നവര്‍ വിരളം ആയിരിക്കും. പ്രേതത്തിന്‍റെ കാര്യത്തില്‍ യുക്തി പറയുന്നത് കേള്‍ക്കുന്ന മനുഷ്യര്‍ ദൈവത്തിന്‍റെയും മതത്തിന്‍റെയും കാര്യം വരുമ്പോള്‍ അവരുടെ യുക്തി ബോധത്തെ മാറ്റിവയ്ക്കാന്‍ തയ്യാറാകുന്നു. ലോക ത്തില്‍ ഇന്നുവരേയ്ക്കും ഒരാളും കണ്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ദൈവമെന്ന ഒരു സാധനം ഉണ്ടെന്ന് കരുതണമെങ്കില്‍ തലയ്ക്കകത്ത് വെറും കളിമണ്ണ്‍ ആയാല്‍ പോരല്ലോ .

മതത്തേയും ദൈവത്തേയും സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് കാണാം അവ നിലനില്‍ക്കുന്നത് മനുഷ്യരുടെ അടിസ്ഥാന വികാരങ്ങളായ ഭീതിയിലും പ്രത്യാശയി ലുമാണെന്ന് .സന്തോഷമായി ഈ ഭൂമിയില്‍ ജീവിക്കുക എന്നത് ഓരോ മനുഷ്യരുടേയും ആഗ്രഹമാണ് . അടങ്ങാത്ത ആ ആഗ്രഹത്തിന്‍റെ മുകളില്‍ ആണ് നമ്മുടെയെല്ലാം ജീവിതങ്ങളെ കെട്ടിപ്പടുത്തിരിക്കുന്നത് .ദൈവത്തിന് വിധേയമായി ദൈവത്തില്‍ വിശ്വസിച്ചു ജീവിക്കുന്നതിലൂടെ നല്ലൊരു ജിവിതം നിങ്ങള്‍ക്കുണ്ടാകും എന്നൊരു പ്രത്യാശ മതം മനുഷ്യര്‍ക്ക്‌ നല്‍കുന്നു. ദൈവഹിത ത്തിന് വിരുദ്ധമായി നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ ദൈവകോപവും അതുവഴി ജീവിതത്തില്‍ തടസങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്ന ഒരു ഭീതിയും മതം മനുഷ്യര്‍ക്ക്‌ നല്‍കുന്നു .ഈ ഭീതിയും പ്രത്യാശയും ജനിപ്പിക്കുന്നതില്‍ മതം എത്രത്തോളം വിജയിക്കുന്നുവോ അത്രത്തോളം അവര്‍ക്ക് അനുയായികളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയുന്നു .ഒരു ദൈവം ,അയാള്‍ എഴുതിയ പുസ്തകം ,അയാളുടെ ജീവിതചര്യകള്‍ ,അല്ലെങ്കില്‍ അത്തരമൊരു ദൈവം പറഞ്ഞുകൊടുത്ത ജീവിതരീതികള്‍ അവ മാത്രമേ അയാളുടെ അനുയായികള്‍ പാലിക്കാവൂ എന്ന പിടിവാശികള്‍ എത്രത്തോളം ശക്തിയാകുന്നുവോ അത്രയ്ക്കും ശക്തിയായി മതവും ദൈവവും ഗൌരവം ഉള്ളതും നമ്മില്‍ അങ്ങേയറ്റത്തെ പ്രത്യാശയും ഭീതിയും വളര്‍ത്താന്‍ പ്രാപ്തിയുള്ളതും ആകുന്നു .ഇവിടെ മതം എന്നത് ഒരു ഹാസ്യം അല്ലെന്നും മറിച്ച് ജീവന്മരണ പ്രശ്നമാണെന്നുമുള്ള ഒരു മിഥ്യയായ തോന്നല്‍ അണികളില്‍ ഉണ്ടാകുന്നു .

എന്നാല്‍ നൂറായിരം ദൈവങ്ങളും നൂറായിരം ആചാരങ്ങളും അനുഷ്ടാനങ്ങളും പലതരം ഗ്രന്ഥങ്ങളും ഒക്കെയുള്ള മതങ്ങള്‍ അന്തരീകമായി തന്നെ ഒരു ഹാസ്യ പ്രധാനമായ കലാരൂപമായി തന്നെയാണ് അതിന്‍റെ അണികള്‍ അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ തമാശ കണ്ടാല്‍ ഒന്നുകില്‍ ചിരിക്കും അല്ലെങ്കില്‍ ചിരിക്കാതിരിക്കും ,ഒരിക്കലും തമാശ കണ്ടിട്ട് ചിരിച്ചില്ല എന്ന് പറഞ്ഞ് തമാശ പറഞ്ഞയാള്‍ക്കെതിരെ വാളെടുക്കില്ല .ഞാന്‍ ചെയ്തത് ശരിയായില്ല അതുകൊണ്ട് അടുത്ത ജന്മം ഞാന്‍ വല്ല പട്ടിയൊ പൂച്ചയോ ആയി ജനിക്കുമെന്ന് കരുതിയാല്‍ പോലും ആ കരുതലുകള്‍ ഒക്കെ ഒരു തരം രസികത്തം നിറഞ്ഞ ചിന്തകള്‍ മാത്രമാ യിരിക്കും . സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ സുഖമുള്ള എന്തെങ്കിലും കിട്ടിയേക്കും എന്ന് കരുതുമ്പോള്‍ പോലും സ്വര്‍ഗ്ഗത്തിനായി മത ചാവേര്‍ ആകാന്‍ മതത്തെ ഒരു തമാശയായി അനുഭവിക്കുന്നവര്‍ തയ്യാറാകില്ല . മതത്തിനും ദൈവത്തിനും വേണ്ടി ഒരു ചാവേര്‍ ആകാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ മതത്തെ ഒരു തമാശയായി മാത്രം അനുഭവിക്കുന്നവര്‍ ”ഒന്ന് പോടാ കൂവേ ചിരിപ്പിക്കാതെ ”എന്ന് പറയുക മാത്രമേ ചെയ്യൂ .അല്ലാതെ അരയില്‍ ബോംബും തിരുകി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും കളയാന്‍ അവര്‍ തയ്യാറാകില്ല . കാരണം അവര്‍ക്കറിയാം മതവും ദൈവവും അത്ര ഗൌരവത്തില്‍ എടുക്കേണ്ട സംഗതികള്‍ ഒന്നുമല്ലെന്ന് .

എന്നാല്‍ അത്തരം മതങ്ങള്‍ ”തങ്ങളുടെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ പാട്ടുപാടിയ ആളുടെ പാട്ട് കേട്ട് ദൈവം കയ്യടിച്ചില്ല എന്നുപറഞ്ഞ് പാട്ടുകാരനെ കൊല്ലുമ്പോള്‍ ” ഓര്‍ത്തോളൂ ആ മതത്തിന് അതിന്‍റെ ഹാസ്യത്വവും ആന്തരീകമായ സഹൃദയത്വംവും നഷ്ടപ്പെട്ടിരിക്കുന്നു . ആ മതം ഒരു ഗൌരവ മതമായി ,തങ്ങളുടെ ദൈവങ്ങള്‍ക്കായി മറ്റുള്ളവരെ കൊല്ലാന്‍ പോലും മടിക്കാത്ത കാപാലികത്വമായി രൂപാന്തരീകരണം പ്രാപിച്ചിരിക്കുന്നു . അണികള്‍ ഇനിമുതല്‍ ദൈവത്തെ മതത്തെ അതിന്‍റെ ആചാര അനുഷ്ടാനങ്ങളെ അനുഭവിക്കാന്‍ പോകുന്നത് ഒരു തമാശയായി ആയിരിക്കില്ല എന്ന് തീര്‍ച്ചയാണ് . മതത്തെയും ദൈവങ്ങളേയുമൊക്കെ ഒരു തമാശയായി ,ഹാസ്യകഥാപാത്രങ്ങളായി കരുതി അവരോടൊപ്പം സല്ലപിക്കാന്‍ കഴിയുന്ന സഹൃദയരായി മാത്രം നമുക്ക് ജീവിക്കാം .ഹാസ്യ നാടകത്തില്‍ എന്തിന് വാളും തോക്കും ചോരപ്പുഴകളും .

വാല്‍ക്കഷണം .

ഒരു മരണവീട് .
മൃതശരീരത്തെ എങ്ങനെ കിടത്തണം ,എങ്ങോട്ട് തലവെയ്ക്കണം, എങ്ങനെ തുണി ഇടണം ,എങ്ങനെ പൂക്കള്‍ ഇടണം ഇങ്ങനെയൊക്കെ പറഞ്ഞ് ആളുകള്‍ തര്‍ക്കിക്കുന്നു ,ഒരാള്‍ ഒരു വശത്തേക്ക് വയ്ക്കുമ്പോള്‍ വേറൊരാള്‍ വേറെ വശത്തേക്ക് വയ്ക്കുന്നു.വിളക്കില്‍ ഒരു തിരി മതിയോ ഒന്നില്‍ കൂടുതല്‍ വേണോ അതായി തര്‍ക്കം . ഒടുവില്‍ സഹികെട്ട് മരിച്ചയാള്‍ എഴുന്നേറ്റ് ഇങ്ങനെ പറയേണ്ടി വന്നു, ” എന്തെങ്കിലും ചെയ്ത് തുലയ്ക്ക് എനിക്ക് പോകാന്‍ ധൃതിയുണ്ട് ”.

ഇതുതന്നെയാണ് എനിക്കും മതങ്ങളോട് പറയാനുള്ളത്
” എന്തെങ്കിലും ചെയ്ത് തുലയ്ക്ക് ഞങ്ങളൊന്ന് ജീവിച്ചോട്ടെ ”.

No Comments

Be the first to start a conversation

%d bloggers like this: