ജനതയും ജനാധിപത്യവും – ദളിത്‌ വിജ്ഞാനത്തിന്‍റെ രാഷ്ട്രീയ പാഠങ്ങള്‍ – സണ്ണി എം കപിക്കാടിന്റെ പുസ്തകത്തെ കുറിച്ച് സിയാര്‍ മനുരാജ് എഴുതുന്നു.

ജനതയും ജനാധിപത്യവും – ദളിത്‌ വിജ്ഞാനത്തിന്‍റെ രാഷ്ട്രീയ പാഠങ്ങള്‍ .സണ്ണി എം കപിക്കാട് .

വിദ്യാര്‍ഥി പബ്ലിക്കേഷന്‍ പുറത്തിറക്കിയ സണ്ണി എം കപിക്കാടിന്‍റെ പുസ്തകത്തിന്‍റെ തലക്കെട്ടാണ് മുകളില്‍ കൊടുത്തിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദലിത് പ്രശ്നങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ വശങ്ങളെ ചരിത്രത്തേയും വര്‍ത്തമാനത്തേയും മുന്നില്‍ നിര്‍ത്തികൊണ്ട് വിശകലനം ചെയ്യുന്ന പുസ്തകം എന്ന നിലയില്‍, വായിക്കപ്പെടേണ്ട ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകമാണ് ഇത് . വികസന ഭൂപടത്തില്‍ എന്തുകൊണ്ട് ദലിത് ആദിവാസി ജനതകള്‍ക്ക് ഇടം കിട്ടുന്നില്ല എന്ന അന്വേഷണം ദലിത് രാഷ്ട്രീയം അതിന്‍റെ ആത്മീയ തലങ്ങള്‍ക്കപ്പുറം വിഭവങ്ങള്‍ക്കായുള്ള,രാഷ്ട്രീയ അവകാശങ്ങള്‍ക്കും ,അധികാരത്തിനുമായുള്ള പോരാട്ടങ്ങളായി മാറേണ്ടതിന്‍റെ ആവശ്യകതകളെ അക്കമിട്ടു സണ്ണി നിരത്തുന്നു .മുത്തങ്ങ സമരം എങ്ങനെ ദലിത് ഭൂസമരങ്ങളുടെ മാതാവായി മാറുന്നു എന്ന് കൃത്യമായി പറയാന്‍ ലേഖകന് കഴിയുന്നുണ്ട് . ഭൂപരിഷ്കരണത്തിന്‍റെ നൂറായിരം വിപ്ലവ കഥകള്‍ പാടിനടക്കുന്ന ഇടതുപക്ഷത്തിന്‍റെ പൊള്ളത്തരത്തെ കണക്കുകള്‍ ഉദ്ധരിച്ചുതന്നെ സണ്ണി തുറന്നു കാട്ടുന്നു .ആദിവാസി മേഖലകളില്‍ നിലവിലുള്ള നിയമങ്ങള്‍ നല്‍കുന്ന സംരക്ഷണം പോലും നല്‍കാന്‍ മടികാണിക്കുന്ന ഭരണകൂടങ്ങളുടെ കാപട്യത്തെ സണ്ണി വായനക്കാര്‍ക്ക് മുമ്പില്‍ തെളിവുകള്‍ നിരത്തി വെളിപ്പെടുത്തുന്നു .ചെങ്ങറയേയും മുത്തങ്ങയേയും മുന്‍നിര്‍ത്തി കേരളത്തില്‍ വളര്‍ന്നുവരേണ്ട ഭൂസമരങ്ങളുടെ ആവശ്യകതയും ആഴവും വായനക്കാരിലേക്കെത്തിക്കുവാന്‍ ലേഖകന് കഴിഞ്ഞിട്ടുണ്ട് .

No automatic alt text available.
ഗാന്ധിക്കെതിരായ ഒന്നായി അംബേദ്കറെ ഉയര്‍ത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജാതിക്കെതിരെ നിലപാടെടുക്കാന്‍ ദലിതര്‍ക്ക് കഴിഞ്ഞെങ്കിലും അംബേദ്‌കര്‍ എന്ന വ്യക്തിത്വം ന്യൂനീകരിക്കപ്പെട്ടു എന്നൊരു മൌലീക നിരീക്ഷണം സണ്ണി തന്‍റെ പുസ്തകത്തില്‍ നടത്തിയിട്ടുണ്ട് ,ഗാന്ധി മാത്രമായിരുന്നില്ല അംബേദ്കറുടെ പ്രശ്നം.അദ്ദേഹം നേരിട്ട നൂറായിരം പ്രശ്നങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഗാന്ധിയെന്നാണ് സണ്ണിയുടെ നിലപാട് .”വിഭവാധികാരത്തിന്‍റെ ഏതൊരു നീക്കവും ജനതയുടെ സ്വത്വ നിര്‍മ്മിതിയുടെ ആവിഷ്കാരങ്ങളാണെന്നും അത് നിലനില്‍ക്കുന്ന ജ്ഞാന – അധികാര ബന്ധങ്ങളുടെ തിരസ്കാരം ഉള്‍ക്കൊള്ളുന്നുണ്ടെന്നും ” ഉള്ള സണ്ണിയുടെ നിലപാട് ചരിത്രപരമായ വലിയ ശരിയാണ്.സ്വത്വ ബോധത്തിലുറക്കാത്ത ദലിത് പക്ഷ രാഷ്ട്രീയത്തിന്‍റെ ഫലശൂന്യതയാണ് സണ്ണി പങ്കുവയ്ക്കുന്നത് . സ്വത്വത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളെ കലഹങ്ങളായി കലാപങ്ങളായി ചിത്രീകരിക്കുക എന്നത് സവര്‍ണ്ണ യുക്തി ആണെന്നും അത് തന്നെയാണ് മുത്തങ്ങയിലും ചെങ്ങറയിലും ഭരണകൂടം പയറ്റിയതെന്നും സണ്ണി പറയുമ്പോള്‍ അതിനെ നിഷേധിക്കുക സാധ്യമല്ല .
ജാതി എന്നത് ദലിതരുടെ മാത്രം എന്തോ ഒരു പ്രശ്നമായി ചിത്രീകരിച്ചാണ് കേരളത്തിലെ സവര്‍ണ്ണര്‍ അവരുടെ ജാതിഭ്രാന്ത് മറയ്ക്കുന്നതെന്ന സണ്ണിയുടെ വാദം അക്ഷരം പ്രതി ശരിയാണെന്ന് ആരും സമ്മതിക്കും .നായര്‍ക്കും നമ്പൂതിരിക്കും ജാതി ഒരു മൂലധനം ആയിരിക്കെ ജാതി ഇന്നും ദലിതര്‍ക്ക് ഒരു ഭാരം തന്നെയാണ്. കേരളത്തില്‍ എങ്ങനെയാണ് ജാതിയും സുറിയാനി കുടിയേറ്റവും പ്രവര്‍ത്തിച്ചതെന്നും ,എങ്ങനെയാണ് അമ്പതുകളിലും അറുപതുകളിലും ജാതിയുടെ പ്രശ്നങ്ങളെ ദലിതര്‍ പരിഹരിച്ചതെന്നും മൌലീകമായ നിരീക്ഷണപാടവത്തോടെ സണ്ണി കൈകാര്യം ചെയ്യുന്നു .കേരളത്തില്‍ ഒരാള്‍ ഉല്‍പ്പാദന ക്ഷമത ഉള്ളയാള്‍ ആകുന്നത് അയാളുടെ ജാതി മാത്രം നോക്കിയാണെന്നും ,ദലിതര്‍ ,ദലിതര്‍ അതായതുകൊണ്ട്‌ മാത്രം കഴിവുകെട്ടവര്‍ ആയി ചിത്രീകരിക്കപ്പെടുന്നു എന്നത് കേരളത്തില്‍ ഇന്നും സര്‍ക്കാര്‍ ഇടനാഴികാളില്‍ പാടുന്ന പാട്ടാണല്ലോ . നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ എങ്ങനെ ദലിത് ജീവിതങ്ങളെ കൂടുതല്‍ കൂടുതല്‍ പാര്‍ശ്വവല്‍ ക്കരിക്കുന്നു എന്നത് കൃത്യമായി അടയാളപ്പെടുത്താന്‍ സണ്ണിക്ക് കഴിഞ്ഞിട്ടുണ്ട് .
ദലിത് രാഷ്ട്രീയത്തെ ദാര്‍ശനീകമായ തലങ്ങളിലും വായിക്കാന്‍ ശ്രമിക്കുന്ന സണ്ണി പൊയ്കയില്‍ അപ്പച്ചനും ,പാമ്പാടി ജോണ്‍ ജോസഫും ,കല്ലറ സുകുമാരനും ,അയ്യന്‍ കാളിയും ,അംബേദ്കറും കടന്നുപോയ വഴികളിലൂടെ തന്‍റേതായ രീതിയില്‍ പുനര്‍യാത്രചെയ്യുമ്പോള്‍ കൂടെ നടക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല .ഏറ്റവും ഒടുവില്‍ സതി അങ്കമാലിയും സണ്ണിയും തമ്മിലുള്ള സംഭാഷണവും ,സണ്ണിയും ഷഫീക് സുബൈദയും തമ്മിലുള്ള സംവാദവും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തേയും ദലിത് രാഷ്ട്രീയത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഇടങ്ങളും കണ്ണികളും വെളിപ്പെടുത്തുന്നു . എം ബി മനോജും സണ്ണിയും തമ്മിലുള്ള ദീര്‍ഘ സംഭാഷണം അംബേദ്കറുടെ ജാതി നിര്‍മൂലനം എന്ന സിദ്ധാന്തത്തിന്‍റെ ഒരു കമന്‍റെറി തന്നെയാണ് .സംഭാഷണത്തിനിടയില്‍ എപ്പോഴോ ”ദലിതര്‍ ആധുനീക ഇന്ത്യയില്‍ ഒരു സമുദായം ആവുകയായിരുന്നില്ല മറിച്ചവര്‍ ജാതിയിലേക്ക് തിരികെപോവുകയായിരുന്നു എന്നൊരു നിരീക്ഷണം സണ്ണി മനോജുമായി പങ്കുവയ്ക്കുന്നുണ്ട് .ജാതി പ്രാദേശികമായ ഒരു വ്യതിരിക്തത ആകുമ്പോള്‍ സമുദായം ദേശീയമായ പ്രതലത്തില്‍ ഉറപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്.അതുകൊണ്ട് ദേശീയതലത്തില്‍ ദലിത് സമുദായ രൂപികരണം ഇല്ലാതെ ദലിത് രാഷ്ട്രീയം വിജയപഥത്തില്‍ എത്തുകയില്ല എന്ന സണ്ണിയുടെ വാക്കുകള്‍ പ്രവചനാത്മകതമാണ് .
ദലിത് രാഷ്ട്രീയത്തെ സമഗ്രമായി വിലയിരുത്തുന്ന പ്രൌഡമായ ഒരു കൃതിയാണ് സണ്ണിയുടെ പുസ്തകം . അധ്യാപരുടെ കണ്ണില്‍ കൂടി നോക്കുമ്പോള്‍ വാദങ്ങളെ ബലപ്പെടുത്തുന്ന സ്ഥിതി വിവര കണക്കുകള്‍ ഇല്ലാതെയാണ് ഈ പുസ്തകം ഇറക്കിയിരിക്കുന്നതെന്ന ഒരു പോരായ്മ മാത്രമേ ചൂണ്ടികാട്ടാന്‍ ഉള്ളൂ .എന്നാല്‍ മൌലീകമായ നിരീക്ഷണങ്ങള്‍ ഉള്ള ഒരു പുസ്തകം എന്ന നിലയില്‍ അതൊരു പോരായ്മയായി കണക്കാക്കേണ്ട എന്ന് നിസംശയം പറയാവുന്നതാണ് .വാങ്ങുക വായിക്കുക .തീര്‍ച്ചയായും ദലിത് വിജ്ഞാനത്തിന്‍റെ വളര്‍ച്ചയിലെ ഒരു നാഴികകല്ലാണ് സണ്ണിയുടെ പുസ്തകം . പുസ്തകം എനിക്ക് തന്ന പ്രസാദിനെ ഓര്‍ക്കട്ടെ .(വിലയ്ക്കാണ് കേട്ടോ ).

No Comments

Be the first to start a conversation

%d bloggers like this: