കാമറക്കും കാഴ്ചക്കാരനും പിന്നില്‍ നിന്ന് സിനിമയെ നയിച്ചവര്‍

“എല്ലാക്കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്നു. 1947-ലും അതുണ്ടായി. കിഴക്കൻ ബംഗാളിൽ നിന്ന് പടിഞ്ഞാറൻ ബംഗാളിലേക്ക്… അഭയാർത്ഥികളുടെ കണ്ണുനീര് വീണ് കുതിർന്ന മണ്ണും അവരുടെ നെടുവീർപ്പുകൾ തങ്ങിനിൽക്കുന്ന അന്തരീക്ഷവുമുള്ള പശ്ചിമ ബംഗാളിലെ റാണാ ഘട്ട്.വിഭജനകാലത്തെ കലാപ കലകൾ മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി പ്രാണൻ മാത്രം ബാക്കിയായ അഭയാർത്ഥികൾ ഏറിയ പങ്കും ഇവിടെയാണ് തങ്ങിയത്. സ്വന്തം നാടിനെയും വീടിനെയും കുറിച്ചുള്ള ഓർമ്മകൾ ഒരുൾവിളിയായി മാറിയപ്പോൾ അവർക്ക് തിരിച്ചു പോകാതെയിരിക്കാൻ കഴിയാതെയായി. പക്ഷേ തിരിച്ചെത്തിയവർ കണ്ടത് രൂപം മാറിയ തങ്ങളുടെ വീടുകൾ, മാറിയ ചിഹ്നങ്ങൾ, പുതിയ വേഷം, പുതിയ ഗന്ധം വീണ്ടും റാണാ ഘട്ടിലേക്ക്. അഭയാർത്ഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് കണ്ട് ഭയന്ന് അധികാരി വർഗ്ഗം പറഞ്ഞു.ഇവർ വിദേശികളാണ്. ഇവരെ അതിർത്തിക്കപ്പുറം പറഞ്ഞയക്കുക .ജനഹിതം നടക്കട്ടെ. പശ്ചിമ ബംഗാൾ ജനത പക്ഷേ ഈ ഉപദേശം ചെവിക്കൊണ്ടില്ല.അവർ ചോദിച്ചു നാടിനെ പങ്കിടാൻ നേരത്ത് നിങ്ങൾ ജനഹിതം ആരായാഞ്ഞതെന്തേ? ഇവർ വെറും അഭയാർത്ഥികളല്ല. നിങ്ങൾ കാരണം വസ്തുക്കൾ അപഹരിക്കപ്പെട്ടവർ. വാസ്തുഹാരകൾ.”
 
ജി.അരവിന്ദൻ സംവിധാനം ചെയ്ത അവസാന ചിത്രമായ വാസ്തുഹാരയുടെ തുടക്കത്തിലെ വേണുവിന്റെ ആത്മഗതങ്ങളാണ്. 1947-ൽ പാകിസ്ഥാനിൽ നിന്നും 1971-ൽ ബംഗ്ലാദേശിൽ നിന്നും ഉണ്ടായ അഭയാർത്ഥി പ്രവാഹമാണ് സിനിമയുടെ ചരിത്ര പശ്ചാത്തലം. മനുഷ്യ ചരിത്രം എന്ന് പറയുന്നത് അഭയാർത്ഥി പ്രവാഹത്തിന്റെയും പലായനങ്ങളുടെയും കുടിയേറ്റങ്ങളുടെയും ചിത്രമാണ്. പല തരത്തിൽ പല രീതിയിൽ പുതിയ പുതിയ രൂപങ്ങളിൽ അത് ലോകത്തിന്റെ പല ഭാഗങ്ങളിൽ അരങ്ങേറുന്നു. സ്വന്തമായതെല്ലാം അപഹരിക്കപ്പെടുന്ന അഭയാർത്ഥികളുടെ ആത്മനൊമ്പരങ്ങളിലേക്ക് ഫോക്കസ് ചെയ്ത മറ്റൊരു ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.അതു കൊണ്ട് തന്നെ ഇത്തരമൊരു സാമൂഹ്യ പ്രതിഭാസത്തിന്റെ ‘ഇരകൾ’ ആയി മാറുന്ന ഒരു കൂട്ടം ജനങ്ങളെ അഡ്രസ് ചെയ്യുന്ന ഒരു മൗലിക സൃഷ്ടിയായി മലയാള ചലച്ചിത്ര ലോകത്ത് ഒറ്റയായി വേർതിരിഞ്ഞു നിൽക്കുന്നു ഈ സിനിമ. സി വി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി സംവിധായകൻ തന്നെ തിരക്കഥ രചിച്ച സിനിമ ആ വർഷത്തെ മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.
അഭയാർത്ഥികളുടെ ഒരു കൂട്ടത്തെ കുറിച്ച് കഥ പറയുമ്പോഴും ഒരിക്കല്‍ പോലും ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെ കാഴ്ചക്കാരനെ വല്ലാതെ വേട്ടയാടുന്ന കുഞ്ഞുണ്ണി പണിക്കര്‍ എന്നൊരു കഥാപാത്രമുണ്ട് സിനിമയില്‍. ഒരു സംവിധായകന്‍ എന്ന നിലക്ക് ജി അരവിന്ദന്‍റെ ബ്രില്ല്യന്‍സ് തന്നെയാണ് കുഞ്ഞുണ്ണി പണിക്കര്‍ എന്ന കഥാപാത്രത്തെ സിനിമയില്‍ പതിച്ച് വെച്ച രീതി കാണിക്കുന്നത്. ഏതാണ്ട് സമാനമായ രീതിയില്‍ വെള്ളിത്തിരയില്‍ കവിത രചിച്ച ഇറാനിയന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കിരസ്തോമിയുടെ വിന്‍ഡ് വില്‍ കാരി അസ് എന്ന സിനിമയിലും ഒരു കഥാപാത്രമുണ്ട്. സിനിമയിലുടനീളം അയാള്‍ കുഴിയെടുത്ത് കൊണ്ടെ ഇരിക്കുന്നതാണ് നമ്മള്‍ കാണുന്നത്(?). ഒരിക്കല്‍ പോലും അയാളെ കുഴിയില്‍ നിന്ന് പുറത്തെടുത്ത് ശബ്ദം കൂടാതെയുള്ള ഫിസിക്കല്‍ പ്രസന്‍സ് കാഴ്ചക്കാരന് നല്‍കാന്‍ സംവിധായകന്‍ തയ്യാറാകുന്നില്ല.
 
പിന്നെയുള്ളത് 1986 ൽ ജോൺ അബ്രഹാമിന്റെ സം‌വിധാനത്തിൽ മലയാളത്തിലിറങ്ങിയ അമ്മ അറിയാൻ എന്ന സിനിമയാണ്. ഈ ചിത്രത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉജ്ജ്വലവും അതോടൊപ്പം ചിത്രത്തിലെ തന്നെ കഥപോലെ ലളിതവുമാണ്‌‌. ജോൺ അബ്രഹാമിന്റെ ഒരു കൂട്ടം സുഹൃത്തുക്കൾ “ജനങ്ങളുടെ ചലച്ചിത്രം” നിർമ്മിക്കണമെന്ന് ആശിച്ചുകൊണ്ട് “ഒഡേസ കളക്ടീവ്” എന്ന ഒരു സം‌രംഭത്തിന്‌ രൂപം നൽകുന്നു. പൊതു ജനങ്ങളുടെ പങ്കാളിത്തത്തിൽ വിപണിശക്തികളുടെ ഇടപെടലുകളില്ലാതെ നല്ല ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിക്കണമെന്നതായിരുന്നു ഈ സം‌രംഭത്തിന്റെ ഉദ്ദേശ്യം. ഗ്രാമഗ്രാമാന്തരങ്ങളിലൂടെ വീടുകളായ വീടുകൾ കയറിയിറങ്ങിയും പാട്ടുപാടിയും സ്കിറ്റുകളും തെരുവ് നാടകങ്ങളുമവതരിപ്പിച്ചും ‘ജനങ്ങളുടെ ചലച്ചിത്രത്തിനായി’ സംഭാവന അഭ്യർത്ഥിച്ച് ശേഖരിക്കപ്പെട്ട പണത്തിലൂടെയാണ്‌ ഈ ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയത്. ഒഡേസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ ഈ ചിത്രം പരമ്പരാഗത ചലച്ചിത്രനിർമ്മാണരീതിയെ തിരുത്തിയെഴുതി. ഒരു നക്സ്‌ലൈറ്റ് യുവാവിന്റെ മരണത്തെ തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ഡോക്യുമെന്ററി ശൈലിയിലുള്ള സിനിമ ഭാവനയേയും സംഭവങ്ങളേയും ഇഴ‌ചേർക്കുന്ന സങ്കേതത്തിന്റെ ഭാഗമായിട്ടാവണം, അക്കാലത്ത് കേരളത്തിൽ നടന്ന ചില ഇടതുപക്ഷ രാഷ്ട്രീയസമരങ്ങളുടെ ശരിക്കുള്ള ദൃശ്യങ്ങളും സം‌വിധായകൻ ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ കിടക്കുന്ന ഹരി എന്ന യുവാവ് ഒന്നോ രണ്ടോ രംഗങ്ങളില്‍ ഒഴിച്ച് നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കില്‍ കൂടി സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ കാഴ്ചക്കാരന്റെ കൂടെയുണ്ട്.
“മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്‌റെക്കോര്‍ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?
ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.” 
(ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 
ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത 1988-ൽ പുറത്തിറങ്ങിയ പിറവി എന്ന സിനിമയിലും നേരത്തെ പറഞ്ഞ മൂന്ന് സിനിമയിലും ഉള്ളതിന് സമാനമായി പിന്‍ സീറ്റിലിരുന്ന് സിനിമയെ നിയന്ത്രിച്ച ഒരു കഥാപാത്രമുണ്ട്. അക്കാലത്തും പില്‍കാലത്തും ഏറെ വിവാദം ഉണ്ടാക്കിയ രാജന്‍ കേസുമായി ഈ സിനിമക്ക് മറച്ച് വെക്കാനാവാത്ത സാദൃശ്യമുണ്ട്. മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്‍റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്ന ഈച്ചര വാര്യരുടെ   ചോദ്യം പോലെ തന്നെ പിറവിയിലെ രഘു മഴയത്ത് മറഞ്ഞ് നില്‍ക്കുകയാണ്.

No Comments

Be the first to start a conversation

%d bloggers like this: