ഹിജാബിനെ പ്രതികൂട്ടിലാക്കിയ നിഖാബ്

 

കരീം കല്ലാർ:

മുഖവും, മുൻകൈയ്യും ഒഴികെയുള്ള ശരീരഭാഗങ്ങൾ മറക്കാനാണ് ഇസ്ലാം കൽപ്പിച്ചത്, അത് തന്നെയായിരുന്നു ഈ അടുത്ത കാലം വരെ ഇന്ത്യക്കാരടക്കം ലോകത്തെ മഹാഭൂരിപക്ഷം മുസ്ലിം സ്ത്രീകളുടെയും വസ്ത്രധാരണ രീതി.
എന്നാൽ ഫാഷന്റെ ഭാഗമായി അറേബ്യൻ ഗോത്രങ്ങളുടെ നിഖാബ് സംസ്കാരത്തെ നമ്മുടെ സ്ത്രീകൾ അനുകരിച്ചപ്പോൾ അരുത് എന്ന് പറഞ്ഞു നിരുത്സാഹിപ്പിക്കുന്നതിനു പകരം, സ്വാലിഹത്തായ സ്ത്രീയുടെ അടയാളമായി അവതരിപ്പിക്കാൻ ഒരുവിഭാഗം പ്രഭാഷകരും, പണ്ഡിതരും മുന്നോട്ട് വന്നു എന്നത് യഥാർഥ്യമാണ്.
വാസ്തവത്തിൽ ബഹുസ്വര സംസ്കാരം നിലനിൽക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് മുഖം മൂടി ധരിച്ചു സ്വന്തം വ്യക്തിത്വത്തെ ഇല്ലായ്മ ചെയുന്ന അവിവേകത്തെ തള്ളിപ്പറയാൻ ഉലമാക്കൾ തയാറാവാത്തത് തെറ്റായിരുന്നു
അള്ളാഹു അനുവദിച്ച സ്വാതന്ത്ര്യത്തെ തടയാൻ, ദീനിന്റെ നിയമത്തിൽ തങ്ങൾക്ക് തോന്നുന്നത് കടത്തികൂട്ടാൻ മനുഷ്യർക്ക് എന്താണ് അവകാശമുള്ളത്. ഇന്നിപ്പോ ഈ നിഖാബ് ആണ് നിർബന്ധമായും ധരിക്കേണ്ടുന്ന ഹിജാബിനെ പോലും പ്രതിസന്ധിയിലാക്കിയത്. ദിവസങ്ങൾക്കു മുമ്പ് കർണ്ണാടകയിൽ നിന്നും ഹിജാബ് ധരിക്കാനുള്ള അവകാശ നിഷേധത്തിനെതിരെ നീളം കൂടിയ നീഖബ് ധരിച്ചു പ്രതികരിക്കുന്ന രണ്ട് പെൺകുട്ടികളെ കാണാൻ ഇടയായി. സത്യത്തിൽ എന്തൊരു ആഭാസമായിരുന്നു അത്.
ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്ന രീതികൾ തിരുത്താൻ സമുദായം തയാറാവാതെ വരുമ്പോൾ സമുദായത്തിന്റെ ശത്രുക്കൾ മുഖേന അള്ളാഹു അത് തിരുത്തും.
ഉദാഹരണത്തിന് മുത്തലാഖ് നിയമം.
അല്ലാഹുവിന്റെ അർശു പോലും വിറക്കുന്ന ത്വലാഖ് ഒറ്റ ഇരുത്തത്തിൽ മൊഴി ചെല്ലി തീർക്കാമെന്ന വിധത്തിൽ ഖുർആനിനെ ദുർ വ്യാഖ്യാനിച്ചു ദൈവത്തിന്റെ നിയമത്തെ വികലമാക്കിയപ്പോൾ ഒര് പരിധി കഴിഞ്ഞപ്പോൾ മുസ്ലിംകളുടെ ശത്രുക്കളെ കൊണ്ട് അള്ളാഹു അത് തിരുത്തിക്കുകയായിരുന്നു.
മുതലാഖിനെ അനുകൂലിക്കാത്തവരും, ദുരഭിമാനം കൊണ്ടും, സംഖികളോടുള്ള എതിർപ്പ് കൊണ്ടും മുതലാഖിനു വേണ്ടി വാദിക്കുന്ന വൈരുധ്യവും കാണാൻ കഴിഞ്ഞു.
ഇപ്പോഴിതാ കാലങ്ങളായി മതനിയമങ്ങളിൽ തീവ്ര കര്കാശ്യം കാണിച്ചിരുന്ന യഥാസ്തിക പണ്ഡിതൻ പോലും ഹിജാബിനെതിരെ സമരം ചെയുന്നവരെ തള്ളിപ്പറയാനും, സുടാപ്പിക്കളുടെ മേൽ കുറ്റം ചാർത്തി വേട്ടക്കാരനോടൊപ്പം ചേരാനും ശ്രമിക്കുന്ന കാഴ്ച!
പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സമുദായം മത്സരിക്കുകയാണ്, ആൺകുട്ടികളെക്കാൾ ഉന്നത വിദ്യാഭ്യാസവും ഇന്ന് മുസ്ലിം പെൺകുട്ടികൾക്കാണ് പക്ഷെ ഉന്നത വിദ്യാഭ്യാസം നേടി ഡോക്ടറോ, കലക്ടറോ അയാൽ മുഖം മൂടി അണിഞ്ഞു ജോലി ചെയ്യാൻ കഴിയില്ല എന്നിരിക്കെ എന്ത്‌ നിലപാടാണ് സ്വീകരിക്കുക. അന്ന് വരെ ഉത്തമ വസ്ത്രം എന്ന് കരുതി ധരിച്ചിരുന്ന നിഖാബു ജോലിക്ക് വേണ്ടി വലിച്ചെറിയുമോ? അല്ല ജോലി വേണ്ടെന്ന് വെക്കുമോ?
വിദ്യാഭ്യാസത്തിനു ശേഷം പ്രയോഗീകമല്ലാത്ത വേഷം വിദ്യാലയങ്ങളിൽ വേണ്ടെന്ന് വെച്ചാൽ പർദ്ദയും നീഖാബും അവിടെ കാണുമായിരുന്നില്ല, ഇതര സമുദായങ്ങൾക്കിടയിൽ മുസ്ലിംകൾ ഇത്രത്തോളം അരികുവത്കരിക്കപെടുമായിരുന്നില്ല.
ചിപ്പിക്കകത്തുള്ള മുത്താണ്, ഭർത്താവിനെ മാത്രം കാണിക്കാനുള്ള മുഖമാണ് എന്നൊക്കെ പറഞ്ഞു കറുപ്പിൽ പൊതിഞ്ഞു പൊതുസമൂഹത്തിൽ വിഹരിക്കാൻ തുടങ്ങിയപ്പോൾ മുതൽ സമുദായം മറ്റുള്ളവർക്ക് അന്യരായി മാറാൻ തുടങ്ങി.
ഈ അപകടം മുൻകൂട്ടി കണ്ട് ചൂണ്ടികാണിച്ചവരെ സമുദായ വിരുദ്ധരും, യുക്തിവാദികളുമാക്കി മുദ്രകുത്താൻ സോഷ്യൽ മുഫ്തിമാർ ആവേശം കാട്ടി.
അച്ചടക്കമില്ലാത്ത വിധം അഴിഞ്ഞടാൻ പെൺകുട്ടികൾക്ക് സൗകര്യമാവുന്നതാണ് ഈ നിഖാബ് എന്ന മുഖം മൂടി
സ്വാതന്ത്രം ദുരുപയോഗം ചെയ്തതിന്റെ അനന്തരഫലം ഇനിയും സമുദായം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ.
വിവിധ സമൂദായക്കാർ ഇടകലർന്നു ജീവിക്കുന്ന നമ്മുടെ നാട്ടിൽ സന്ധ്യ കഴിഞ്ഞാൽ മണിക്കൂറുകളോളം മൈക്കിലൂടെ സ്വലാത്തും, ദിക്‌റും മുഴകുന്ന പതിവ് പലയിടങ്ങളിലുമുണ്ട് സഹനമുള്ളവരായതിനാൽ മറ്റുള്ളവർ ശമിക്കുകയാണ്. പക്ഷേ പരിധിവിട്ടാൽ അഞ്ചുനേരത്തെ ബാങ്ക് പോലും മൈക്കിൽ കേൾക്കാതെ വരുമെന്ന കാര്യം മുൻകൂട്ടി കണ്ടാൽ നല്ലത്.
വിശുദ്ധ റമദാൻ ആഗതമാവുകയാണ്. രാത്രി അത്താഴത്തിന്റെ മൂന്നരമണി നേരത്ത് മൈക്കിലൂടെ ഖുർആൻ ഓതുന്ന തീവ്ര ഭക്തരും ചിലയിടങ്ങളിലുണ്ട്. അത്തരം സാമൂഹ്യദ്രോഹങ്ങൾ ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ന്യായമായ അവകാശത്തെ പോലും ഇല്ലാതാക്കി കളയുമെന്ന യാഥാർഥ്യം മനസിലാക്കി മത മേലധികാരികൾ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാൻ തയാറാവേണ്ടതുണ്ട്.
കർണ്ണാടക കോടതി ഹിജാബ് നിരോധിച്ചപ്പോഴേക്ക് തന്നെ പാതി മറക്കാറുണ്ടായിരുന്ന തട്ടം പോലും വലിച്ചെറിഞ്ഞു ഫോട്ടോ പ്രദർശിപ്പിക്കുന്നവരെയും കണ്ടു തുടങ്ങിയിട്ടുണ്ട്
വഴിതെറ്റി നടക്കാൻ കാരണം തേടുന്ന കലികാലത്തിലൂടെയാണ് നമ്മുടെ സഞ്ചാരം അതുകൊണ്ട് അനാവശ്യങ്ങളെ തള്ളിക്കളയാനും ഇസ്‌ലാമിനെ അതിന്റെ അന്തസത്ത നിലനിർത്തികൊണ്ട് അവതരിപ്പിക്കാനും കഴിയണം.
അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞതുപോലെ മറക്കലും, തുറക്കലും നിയന്ത്രണവും, സ്വാതന്ത്ര്യവും എല്ലാം പരിധിവിട്ടാൽ ആഭാസം തന്നെ എന്നാണ് എല്ലാവരെയും ഉണർത്താനുള്ളത്.