സക്കരിയ്യ: വിചാരണയില്ലാത്ത ഒമ്പത് ജയില്‍ വര്‍ഷങ്ങള്‍

2014-ലെ കണക്കനുസരിച്ചു് രാജ്യത്തെ വിചാരണത്തടവുകാരിൽ 55 ശതമാനത്തിലേറെ  പേരും മുസ്ലിങ്ങളും ദലിതരും ആദിവാസികളുമാണ്. ഈകൂട്ടത്തില്‍പെട്ട കുറെ അധികം കേസുകളില്‍ ഒന്നാണ് 2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി കോണിയത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റേയും ബീയുമ്മയുടേയും മകനായ സകരിയയുടെ ജയില്‍ വാസം. സകരിയയുടെ ജയില്‍ വാസത്തിനും ബീയുമ്മയുടെ മകനെ തേടിയുള്ള കാത്തിരിപ്പിനും ഇന്നേക്ക് ഒമ്പത്  വര്‍ഷം പൂര്‍ത്തിയാവുന്നു. ബാംഗൂര്‍ സ്ഫോടന കേസിലെ എട്ടാം  ‘പ്രതിയായ’ സകരിയയെ ഭീകരനിയമമായ യു.എ.പി.എ പ്രകാരമാണ് 2009 ഫെബ്രുവരി അഞ്ചിന് തിരൂരില്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഷോപ്പില്‍ വെച്ച് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്തിനാണ് അറസ്റ്റ് എന്ന് വെളിപ്പെടുത്തുകയോ വീട്ടിലോ മറ്റ് സുഹൃത്തുക്കളെ അറിയിക്കാനോ അനുവാദം നല്‍കാതെ കേരളത്തിലെ ഉത്തരവാദപ്പെട്ട അധികൃതരുടെ അനുവാദം പോലും ഇല്ലാതെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു കര്‍ണ്ണാടക പോലീസ് ചെയ്തത്. അറസ്റ്റ് ചെയ്ത് നാല് ദിവസത്തിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നത്. അന്നേ ദിവസത്തെ ചാനലുകളിലെ വാര്‍ത്തയില്‍ നിന്നാണ് സക്കരിയയെ അറസ്റ്റ് ചെയ്തത് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് എന്ന് സകരിയയുടെ ഉമ്മ ബീയുമ്മ അടക്കമുള്ളവര്‍ അറിയുന്നത്.

ഒമ്പതു വർഷം പൂർത്തിയാക്കുന്ന സകരിയ്യയുടെ തടവുജീവിതത്തിന്റെ രാഷ്ട്രീയ മാനങ്ങൾ പരിശോധിക്കാതെ പോയാല്‍ ഭരണകൂടം ആ ചെറുപ്പക്കാരനോട്‌ കാണിച്ച നീതികേടിന്റെ പങ്ക് പറ്റലാവും. പത്താം വയസ്സില്‍ പിതാവ് മരണപ്പെട്ട സക്കരിയ ബി.കോം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് മൊബൈല്‍ ടെക്‌നോളജി കോഴ്‌സ് ചെയ്ത് തിരൂരിലുള്ള ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. പത്തൊമ്പതാം വയസ്സില്‍ അറസ്റ്റിലായ സക്കരിയയെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലെ ഒരു പതിറ്റാണ്ടോടടുക്കുന്ന ഏകാന്തവാസം മാനസികമായും ശാരീരികമായും തകര്‍ത്തിരിക്കുയാണ്. ഉദരസംബന്ധമായ രോഗങ്ങളും കടുത്ത തലവേദനയും സകരിയ പലവട്ടം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

2008 ല്‍ ബാംഗ്ലൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് വേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും പന്ത്രണ്ടാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ച് നല്‍കി എന്നതാണ് സക്കരിയയ്ക്കുനേരെയുള്ള ഇനിയും വിചാരണ തീരാത്ത കുറ്റപത്രം.  ഇതിനായുള്ള  പോലീസ് കഥയിലെ രണ്ടു സാക്ഷികളും വൃാജസാക്ഷികളാണെന്ന് ലോകത്തോട് അവര്‍ തന്നെ പറഞ്ഞിട്ടും കോടതി അത് അവഗണിക്കുകയായിരുന്നു. സാക്ഷികളില്‍ ഒരാള്‍ നിസാമുദ്ദീന്‍ എന്ന യുവാവാണ്. കര്‍ണ്ണാടക പോലീസ് കന്നടയിലുള്ള ഒരു സ്‌റ്റേറ്റ്‌മെന്റ് നിസാമുദ്ദീന് നല്‍കുകയും അതില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. കന്നട ഭാഷ അറിയാത്തതിനാല്‍ അതെന്താണെന്ന് നിസാമുദ്ദീന്‍ അന്വേഷിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്.ഐ ആണ് പറഞ്ഞത് അത് ”ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത്’ എന്ന പ്രസ്താവനയാണ്  എന്ന്. അങ്ങനെയാണ് നിസാമുദ്ദീന്‍ സ്‌റ്റേറ്റ്‌മെന്റില്‍ ഒപ്പിടുന്നത്.

രണ്ടാം ‘സാക്ഷി’ ഹരിദാസ് സകരിയയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. പോലീസ് റെക്കോര്‍ഡിലെ  മൊഴി താന്‍ നല്‍കിയതല്ല എന്ന് ഹരിദാസ് പറയുന്നു. കേസന്വേഷണത്തിനിടയില്‍ തന്നോട് സംസാരിക്കുന്നതിനിടെ ചില പ്രാഥമിക വിവരങ്ങള്‍ കര്‍ണാടക പോലീസ് ചോദിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സൗഹാര്‍ദ്ദത്തോടെ തന്നെയാണ്  ജീവിക്കുന്നതെന്ന് എന്നായിരുന്നു അന്ന് പറഞ്ഞതെന്ന് ഹരിദാസ് സാക്ഷ്യപ്പെടുത്തുന്നു.

ഏഴു വര്‍ഷത്തെ അഗ്രഹാര ജയില്‍വാസത്തിനിടയില്‍ സകരിയക്ക് രണ്ട് വട്ടം  മാത്രം ജാമ്യം ലഭിച്ചു. അതും രണ്ട് ദിവസത്തേക്ക്. ജ്യേഷ്ഠന്‍ മുഹമ്മദിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് സക്കരിയക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് കഴിഞ്ഞ വർഷം സകരിയ വീണ്ടും രണ്ടു ദിവസത്തേക്ക് ജാമ്യത്തിൽ വന്നത് ആ സഹോദരന്റെ മരണവാർത്തയറിഞ്ഞു ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു.

വൈകിയെത്തുന്ന നീതി നീതിനിഷേധമാണ് എന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ പോലും സകരിയയുടെ പേര് മറവിക്ക് വിട്ട് കൊടുക്കുന്നു. യുഎപിഎക്കെതിരെ നാള്‍ക്കുനാള്‍ പ്രമേയങ്ങളും പ്രസ്താവനകളും ഇറക്കുന്നവര്‍ക്ക്, പെരരിവാളനെയും മാഅദനിയെയും അറിയുന്നവര്‍ക്ക് സകരിയയെ അറിയാമോ എന്നതാണ് പ്രധാന ചോദൃം. ഒരു പതിറ്റാണ്ടിനടുത്തായി മകനെ കാത്ത് നിസ്കാരപ്പായയില്‍ ദുആ ചെയ്ത് വിതുമ്പുന്ന ബീയുമ്മയെ അറിയുമോ? ഇന്നും വീട്ടിനടുത്തെ റെയില്‍പ്പാളത്തിലൂടെ ട്രെയിന്‍ പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അതില്‍ തന്റെ മകനുണ്ടാവണേ എന്ന് കൊതിച്ചുപോവുന്ന ആ ഉമ്മയെ അവഗണിച്ചിട്ട് ഏത് നീതിയെ കുറിച്ചാണ് നാം വാചാലമാവുന്നത്? ബാംഗ്ളൂരിൽ നിന്നു പത്തു കിലോമീറ്റർ മാറി പരപ്പന അഗ്രഹാര ജയിലിൽ അവരുടെ മകനുണ്ട്. കഴിഞ്ഞ ഒമ്പതു വർഷമായി ബീയുമ്മ ഈ ലോകത്തോടു വിളിച്ചു പറയുകയാണ് ,’എന്റെ മകൻ നിരപരാധിയാണ് ,അവനെ വിട്ടയാക്കണ’മെന്ന്.

 

No Comments

Be the first to start a conversation

%d bloggers like this: