ഉത്തരവാദിത്ത്വപ്പെട്ട ജീവിത പ്രത്യയ ശാസ്ത്രവും, പ്രായോഗികതയും:  സോയാ തോമസ്

അന്താരാഷ്ട്ര വനിതാ ദിന ചർച്ചകളും തിരഞ്ഞെടുപ്പ് സംവാദങ്ങളും മുമ്പോട്ട് പോകുമ്പോൾ എന്റെ മനസ്സിൽ വരുന്ന കാര്യങ്ങളെ ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു സോയാ തോമസ്, 

പല പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുകയും ജീവിതം അതിനനുസൃതമായി രൂപപ്പെടുത്തുകയും ചെയ്യുന്ന ധാരാളം മനുഷ്യരുള്ള ലോകത്താണു നാം.
സമൂഹവും അതിൽ തന്നേ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബവും അതിലെ നിരാലംബരായ അംഗങ്ങളുടെ ദുരിതങ്ങൾ ഇത്തരം പ്രസ്ഥാനങ്ങളിലെ പലരും വിസ്മരിക്കുന്നു.
പ്രസ്ഥാനങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ആശയ ബിംബങ്ങളായ വ്യക്തികളെ പ്രത്യേകിച്ച് പുരുഷന്മാരെ ദൈനം ദിന ജീവിതത്തിൽ കാണേണ്ട വരുന്നു. ഈ സൃഷ്ടി അവരുടെ നിരുത്തരവാദിത്വ സമീപനത്തിനു കാരണവും ആകുന്നു. അപ്പോൾ സ്ഥാപനങ്ങളായ കുടുംബത്തിലെ സുഖങ്ങൾ എല്ലാം അനുഭവിച്ച് നിലകൊള്ളുമ്പോൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകകൂടി ആണോ എന്ന് സൂക്ഷമമായി പരിശോധിക്കണ്ടതാണ്.
തിരഞ്ഞെടുപ്പ് അജണ്ടകളും സ്ഥാനമുറപ്പിക്കലും പ്രകടന പത്രികയും നയങ്ങൾ രൂപപ്പെടുത്തലും ഒക്കെ നടക്കുന്ന ഈ സമയത്തും വിസ്മരിക്കപ്പെടുന്ന ഒന്നാണ് ആശയത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പ്രായോഗികത ജീവിതങ്ങളിൽ എത്രത്തോളം എന്നത്.

പ്രത്യയ ശാസ്ത്ര വിശ്വാസത്തിൽ ഓരോരുത്തരും ഓരോ ബിംബങ്ങളായി ചിത്രീകരിക്കാനോ നിലനില്ക്കാനോ അറിയാതെ ആഗ്രഹിക്കുകയും അതിൽ ആഹ്ളാദം കണ്ടെത്തുകയും ചെയ്യുന്നത് ഒരു പ്രവണതയായി മാറുന്നു.
ഇതിലേക്ക് ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാൽ സമൂഹത്തിലെ ജാതി വർഗ ലിംഗ അടിസ്ഥാനത്തിൽ നിലവിലുള്ള ശീലങ്ങൾക്കും വ്യവഹാരങ്ങൾക്കും അനുസൃതമായാണ് കണ്ടുവരുന്നത്. അത് കൃത്യമായും പുരുഷ കേന്ദ്രീകൃതവും . ഇങ്ങനെയുള്ള വിശ്വാസ വ്യവഹാരം പ്രായോഗിക ജീവിതത്തിൽ എവിടെ എന്നത് പരിശോധിക്കപ്പെടേണ്ടത് അത്യാവശ്യമായി വരുന്നു എന്നത് പല ജീവിതാനുഭവങ്ങളും തരുന്ന ഉത്തേജനമാണ്..

ഇത് പരിശോധിക്കണ്ടത് ഏറ്റവും പ്രധാനമായും ഓരോ വ്യക്തികളിലും, സമൂഹത്തിലെ ഏറ്റവും അടിസ്ഥാനവും പ്രാഥമികവും ആയി കണക്കാക്കപ്പെടുന്ന യൂണിറ്റായ കുടുംബത്തിലുമാണ്.
കുടുംബം എന്ന സ്ഥാപനത്തിൽ വിശ്വസിക്കാത്ത അതിന്റെ ഭാഗമാകാത്തവരെ സംബന്ധിച്ചിടത്തോളം പ്രസക്തവുമല്ല. എന്നാൽ വളരെ പുരോഗമനപരമായ ആശയങ്ങളെ പേറി സമൂഹത്തിന്റെ മുഖ്യധാരയിൽ നില്ക്കുന്നവരും – കുടുബ സംവിധാനത്തിന്റെ മുഴുവൻ സുഖങ്ങളും , പ്രയോജനങ്ങളും , പ്രശ്നങ്ങളും അനുഭവിക്കുന്നവരും ഈ സ്വയം വിശകലനത്തിനും പഠനത്തിനുo വിധേയമാകേണ്ടതുണ്ടന്ന് തോന്നുന്നു.
കുടുംബ ഗണങ്ങളിൽ നിന്നും സമൂഹം ഉണ്ടാകുമെന്ന ധാരണയിൽ നിന്നും പ്രസ്ഥാനങ്ങൾ വ്യതിചലിച്ചു സമൂഹങ്ങളിൽ നിന്നും കുടുംബങ്ങൾ ഉണ്ടാകുമെന്ന ധാരണ ഇത്തരം ആൾക്കാരെ പ്രസ്ഥാനങ്ങളുടെ
ബിംബങ്ങൾ ആക്കുന്നു.

ഇത്തരമൊരു വിശകലനം വിവിധ പ്രത്യയ ശാസ്ത്രങ്ങളെ പേറുന്ന സാമൂഹ്യ- രാഷ്ട്രീയ-മത സംഘടനകൾ നടത്തണ്ടതു മുണ്ട്. പ്രായോഗികതയും പ്രത്യയ ശാസ്ത്ര വിശ്വാസവും തമ്മിലുള്ള അന്തരം സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന സംഘർഷങ്ങൾ ഏറെയും.

സംഘടനകൾ അതിന്റെ ഭാഗമായി വരുന്ന സാമൂഹിക – വ്യക്തിഗത രൂപപ്പെടുത്തലുകളിൽ തങ്ങൾ മുമ്പോട്ട് വയ്ക്കുന്ന ആശയങ്ങളുടെ പ്രായോഗികത കുടുംബത്തിലെത്തുമ്പോൾ വ്യക്തിപരമെന്ന് പറയുന്നത് ഉൾക്കൊള്ളാനാവാത്തതും ഒട്ടും തള്ളിക്കളയാനാവാത്തതുമാണ്.
പ്രത്യേകിച്ചും താഴെപ്പറയുന്ന കാര്യങ്ങൾ നടക്കാതെ വരുമ്പോൾ:

1 വ്യക്തികളുടെ നൈപുണ്യവും സമീപനവും കാഴ്ചപ്പാടും അതിനനുസൃതമായ തീരുത്തലും രൂപപ്പെടുത്തലും ഇല്ലാതാകുമ്പോൾ .

2. പരസ്പര പങ്കാളിത്തത്തോടെ സൃഷ്ടിച്ച കുടുംബത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളുടേയും (വീടിനുള്ളിൽ ലിംഗപദവി അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്ന പണികൾ , കുട്ടികൾ, പ്രായമായവർ, സാമ്പത്തികം ഉൾപ്പെടെ) ഏറ്റെടുക്കൽ – പങ്കിടൽ ഇല്ലാതെ വരിക.

3. സമൂഹത്തോടുള്ള കടപ്പാട്, ദൗത്യം, ഉത്തരവാദിത്വം, ഇടപെടൽ, പ്രതികരണങ്ങൾ എന്നിവ വിസ്മരിക്കപ്പെടുക.
ഈ ചിന്ത ഉയർത്തുമ്പോൾ പ്രത്യയ ശാസ്ത്രത്തെ നമ്മിലേക്ക് കൈമാറുന്ന സംഘടനളോടും ആളുകളാടും ചില ചോദ്യങ്ങളും ഉന്നയിക്കണമെന്ന് തോന്നുന്നു.
ഇതിന്റെ എല്ലാം തിക്ത ഫലങ്ങൾ അനുഭവിക്കുന്നതാരാണ്?

ഇതിന്റെ ഇരകളായി തുടരുന്ന അരികുവത്ക്കരിച്ചവർ, സ്ത്രീകൾ , കുട്ടികൾ , പ്രായമായവർ എന്നിവരെ ഉൾച്ചേർക്കാനുള്ള പദ്ധതി/ ഇടപെടൽ എന്താണ്?

ജീവിതത്തിന്റെ പ്രായോഗിക തലത്തിൽ തങ്ങൾ പേറുന്ന ആശയങ്ങൾ ഉൾച്ചേർക്കണ്ടതില്ലേ? ഉണ്ടങ്കിൽ എങ്ങനെ?

ഇതൊക്കെ പറയുമ്പോൾ എതിർപ്പുമായി വാളെടുക്കുന്നർ ധാരാളം ഉണ്ടാവും, അവർ എന്തിനെയോ ഭയപ്പെടുന്നുമുണ്ട്. താൻ അനാവരണം ചെയ്യപ്പെടുമോ എന്നും അധികാരം കൈവിട്ടുപോകുമോ എന്നും ഭയപ്പെടുന്നുമുണ്ടാവാം. പക്ഷേ ജീവിത യാഥാർത്ഥ്യങ്ങൾ മൂടപെടേണ്ടതല്ല , അത് പൊളിറ്റിക്കലും കൂടി ആണ്.