ദുബൈയിലും അബൂദബിയിലും നാല്​ ദിവസം സൗജന്യ പാർക്കിങ്​

നബിദിനം, സ്​മാരകദിനം, ദേശീയദിനം എന്നിവ പ്രമാണിച്ച്​ നവംബർ 30 മുതലുള്ള നാല്​ അവധിദിനങ്ങളിൽ ദുബൈ, അബൂദബി എമിറേറ്റുകളിൽ പാർക്കിങ്​ സൗജന്യം. ബഹുനില പാർക്കിങ്​ സമുച്ചയങ്ങൾ ഒഴിച്ചുള്ള ഇടങ്ങളിലാണ്​ സൗജന്യം അനുവദിക്കുക. അബൂദബിയിൽ നവംബർ 30ന്​ പുലർച്ചെ 12.30 മുതൽ ഡിസംബർ നാലിന്​ രാവിലെ എട്ട്​ വരെ സൗജന്യ പാർക്കിങ്​ അനുവദിക്കുമെന്ന്​ സമഗ്ര ഗതാഗത കേന്ദ്രം (​ഐ.ടി.സി) അറിയിച്ചു. വിലക്കുള്ള സ്​ഥലങ്ങളിൽ പാർക്ക് ചെയ്യുകയോ ഗതാഗത തടസ്സം സൃഷ്​ടിക്കുകയോ ചെയ്യരുത്​. റെസിഡൻറ്​ പാർക്കിങ്​ ഇടങ്ങളിൽ രാത്രി ഒമ്പത്​ മുതൽ രാവിലെ എട്ട്​ വരെയുള്ള നിയമം ബാധകമായിരിക്കുമെന്നും ഐ.ടി.സി അറിയിച്ചു. പാർക്കിങ്​ സൗജന്യത്തിന്​ പുറമെ പൊതു ഗതാഗത സേവന സമയമാറ്റവും ദുബൈ ​റോഡ്​സ്​ ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്​.

ദുബൈ മെട്രോ വ്യാഴാഴ്​ച റെഡ്​ലൈൻ സ്​റ്റേഷനുകൾ രാവിലെ അഞ്ച്​ മുതൽ രാത്രി ഒന്ന്​ വരെയും ഗ്രീൻ ലൈൻ സ്​റ്റേഷനുകൾ രാവിലെ 5.30 മുതൽ രാത്രി ഒന്ന്​ വരെയും പ്രവർത്തിക്കും. വെള്ളിയാഴ്​ച റെഡ്​ലൈൻ, ഗ്രീൻലൈൻ സ്​റ്റേഷനുകൾ രാവിലെ പത്തിനും രാത്രി ഒന്നിനും ഇടയിലായിരിക്കും പ്രവർത്തിക്കുക. ശനി, ഞായർ ദിവസങ്ങളിൽ ​രാവിലെ അഞ്ച്​ മുതൽ അർധരാത്രി വരെ റെഡ്​ലൈൻ സേവനവും രാവിലെ 5.30 മുതൽ രാത്രി 12 വരെ ഗ്രീൻലൈൻ സേവനവും ഉണ്ടാകും. ദുബൈ ട്രാം വ്യാഴാഴ്​ച രാവിലെ ആറ്​ മുതൽ രാത്രി ഒന്ന്​ വരെ സർവീസ്​ ​നടത്തും. വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ രാത്രി ഒന്ന്​ വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറ്​ മുതൽ രാത്രി ഒന്ന്​ വരെയുമായിരിക്കും ദുബൈ ട്രാം സർവീസ്​. ബസ്​ ഗോൾഡ്​ സൂഖ്​ സ്​റ്റേഷൻ രാവിലെ അഞ്ച്​ മുതൽ രാത്രി 12.29 വരെയും അൽ ഗുബൈബ സ്​റ്റേഷൻ രാവിലെ അഞ്ച്​ മുതൽ രാത്രി 12.10 വരെയും പ്രവർത്തിക്കും. സത്​വ സബ്​ സ്​റ്റേഷൻ രാവിലെ അഞ്ച്​ മുതൽ രാത്രി 11.35 വരെയാണ്​ പ്രവർത്തിക്കുക. എന്നാൽ, സി 01 റൂട്ടിൽ 24 മണിക്കൂറും ബസ്​ സർവീസുണ്ടാകും. ഖിസൈസ്​ സ്​റ്റേഷൻ പുലർച്ചെ 4.30 മുതൽ അർധ രാത്രി വരെയും അൽഖൂസ്​ ഇൻഡസ്​ട്രിയൽ സ്​റ്റേഷൻ രാവിലെ അഞ്ച്​ മുതൽ രാത്രി 11.30 വരെയും പ്രവർത്തിക്കും. ജബൽ അലി സ്​റ്റേഷനിൽ രാവിലെ അഞ്ച്​ മുതൽ അർധ രാത്രി വരെ സർവീസുണ്ടാകും.

No Comments

Be the first to start a conversation

%d bloggers like this: