നിങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാര്‍ക്‌സ് നിങ്ങളോടൊപ്പം ജീവിക്കുന്നു- സുനില്‍ പി ഇളയിടം

‘എന്തുകൊണ്ട് മാർക്സ് ശരിയായിരുന്നു’ – ടെറി ഈഗിൾട്ടണ്‍

മാര്‍ക്‌സിസത്തിനെതിരെ വ്യാപകമായി ഉന്നയിക്കപ്പെടുന്ന പത്ത് വിമര്‍ശനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട്, ആ വിമര്‍ശനങ്ങളുടെ അസാംഗത്യവും മാര്‍ക്‌സിസത്തിന്റെ സാധുതയും വാദിച്ചുറപ്പിക്കുകയാണ് ഈഗിള്‍ട്ടണ്‍ ഈ കൃതിയിലൂടെ ചെയ്യുന്നത്. മുതലാളിത്തം നിലനില്‍ക്കുന്നിടത്തോളം കാലം നമുക്ക് മാര്‍ക്‌സിനെ കയ്യൊഴിയാനാവില്ലായെന്നും നിങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാര്‍ക്‌സ് നിങ്ങളോടൊപ്പം ജീവിക്കുന്നുവെന്നും ഈ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു. പത്ത് അധ്യായങ്ങളിലായി മാര്‍ക്‌സിസത്തിന്റെ സമകാലികത, മാര്‍ക്‌സിസത്തിന്റെ പേരില്‍ അരങ്ങേറിയ അടിച്ചമര്‍ത്തലുകള്‍, ചരിത്രപരമായ ലക്ഷ്യവാദം, കമ്മ്യൂണിസ്റ്റ് സമൂഹം എന്ന ഉട്ടോപ്യ, മാര്‍ക്‌സിസത്തിലെ സാമ്പത്തിക നിര്‍ണ്ണയവാദം, മാര്‍ക്‌സിസവും ആത്മീയതയും, മാര്‍ക്‌സിസത്തിന്റെ വര്‍ഗ്ഗസങ്കല്പം, വിപ്ലവസങ്കല്പവും ഹിംസയും, മാര്‍ക്‌സിസത്തിന്റെ ഭരണകൂടസങ്കല്പം, മാര്‍ക്‌സിസവും സ്ത്രീവിമോചനവും എന്നീ പ്രമേയങ്ങളെ അപഗ്രഥനവിധേയമാക്കു കയാണ് തന്റെ ഗ്രന്ഥത്തില്‍ ടെറി ഈഗിള്‍ടണ്‍ ചെയ്തിരിക്കുന്നത്. ഈ പ്രമേയങ്ങളെ മുന്‍നിര്‍ത്തി മാര്‍ക്‌സിസത്തിനെതിരായി ഉന്നയിക്ക പ്പെടുന്ന വിമര്‍ശനങ്ങള്‍ സംഗ്രഹരൂപത്തില്‍ ഓരോ അധ്യായത്തിന്റെയും തുടക്കമായി അവതരിപ്പിച്ചുകൊണ്ടാണ് അവയെക്കുറിച്ചുള്ള തന്റെ വിശദീകരണങ്ങള്‍ ഈഗിള്‍ട്ടണ്‍ നല്‍കുന്നത്. അതിന് രണ്ടുവഴികള്‍ അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഒരുഭാഗത്ത് മാര്‍ക്‌സിന്റെ (എംഗല്‍ സിന്റെയും) രചനകളില്‍ നിന്ന് സംഗതമായ ഭാഗങ്ങള്‍ ഉദ്ധരിച്ചു ചേര്‍ക്കുക; മറുഭാഗത്ത് പില്‍ക്കാല പഠിതാക്കളുടെ നിരീക്ഷണങ്ങളെയും സമകാലിക ലോകവസ്തുതകളെയും അവയുമായി കൂട്ടിയിണക്കുക. അങ്ങനെ ദ്വിമുഖമായ ഒരു വിഷയപരിചരണരീതിയെ പിന്‍പറ്റിക്കൊണ്ട് മാര്‍ക്‌സിസത്തിന്റെ ആന്തരികചൈതന്യത്തെ പ്രകാശിപ്പിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമുള്ള അത്യന്തം സര്‍ഗ്ഗാത്മകമായ ശ്രമമാണ് ഈ ഗ്രന്ഥം. അതോടൊപ്പം സോവിയറ്റ് പാരമ്പര്യം മാര്‍ക്‌സിസത്തിനുമേല്‍ വച്ചുകെട്ടിയ ഭാരങ്ങളില്‍നിന്ന് അതിനെ മോചിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. വൈരുദ്ധ്യാത്മക വിചിന്തനത്തിന്റെ വഴിയിലൂടെ മാര്‍ക് സിസത്തിന്റെ പൊരുള്‍ വിശദീകരിക്കാനുള്ള ഫലപ്രദമായ സമകാലിക ശ്രമങ്ങളിലൊന്ന് എന്ന് ഈ ഗ്രന്ഥത്തെ മടികൂടാതെ വിശേഷിപ്പിക്കാനാകും. അതോടൊപ്പം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ കാര്യ പരിപാടിയായാണ് മാര്‍ക്‌സ് തന്റെ ചിന്താമണ്ഡലം കെട്ടിപ്പടുത്തത് എന്ന മൗലികതത്വം ടെറി ഈഗിള്‍ടണ്‍ ഒരിക്കലും കൈവിടുന്നുമില്ല. മാര്‍ക്‌സി ന്റെയും മാര്‍ക്‌സിസ്റ്റ് ചിന്തയുടെയും അഭാവത്തില്‍ നമ്മുടെ ലോകത്തെ എത്രയോ കുറഞ്ഞ അളവില്‍ മാത്രമേ നമുക്ക് മനസ്സിലാക്കാനും പുതുക്കിപ്പണിയാനും കഴിയുമായിരുന്നുള്ളൂ എന്ന് ഈ ഗ്രന്ഥം നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. (പ്രോഗ്രസ്സ് പബ്ലികേഷന്‍സ് പ്രസിദ്ധീകരിച്ച  ‘എന്തുകൊണ്ട് മാർക്സ് ശരിയായിരുന്നു’ – ടെറി ഈഗിൾട്ടണ്‍ എന്ന പുസ്തകത്തിന്‌ സുനില്‍ പി ഇളയിടം എഴുതിയ അവതാരികയില്‍ നിന്ന്…)

Image may contain: 1 person, beard and text

No Comments

Be the first to start a conversation

%d bloggers like this: