അമിത് ഷായും രാജ് നാഥ് സിംഗും ഇന്ന് ചുമതലയേൽക്കും

0
28

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ബിജെപി അദ്ധ്യക്ഷൻ അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്‍നാഥ് സിംഗും ഇന്ന് ചുമതലയേൽക്കും. രാവിലെ 11.30നാണ് അമിത് ഷാ മന്ത്രാലയത്തിലെത്തി ചുമതലയേൽക്കുക.

രാവിലെ യുദ്ധ സ്‍മാരകം സന്ദർശിച്ച ശേഷമാകും രാജ്‍നാഥ് സിംഗ് പ്രതിരോധമന്ത്രിയായി ഔദ്യോഗിക ചുമതലയേൽക്കുക. പ്രവർത്തനരീതിയും ആവശ്യങ്ങളും മന്ത്രിക്ക് മുന്നിൽ വിശദമാക്കാൻ മൂന്ന് സേനാ വിഭാഗങ്ങളും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി സേനാവൃത്തങ്ങൾ അറിയിച്ചു. സേനാ മേധാവികൾ മന്ത്രിയെ ഇന്ന് തന്നെ സന്ദർശിക്കും.

പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാർ ഇന്നലെ ചുമതലയേറ്റിരുന്നു. നരേന്ദ്ര മോദിക്ക് പുറമെ ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വി, മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ, റെയിൽ വേ മന്ത്രി പീയൂഷ് ഗോയൽ, അടക്കമുള്ള വർ ഇന്നലെ ചുമതലയേറ്റിരുന്നു.

കേന്ദ്ര മന്ത്രിസഭയിലെ മലയാളി സാന്നിധ്യമായ വി മുരളീധരനും ഇന്നലെ ചുമതലയേറ്റെടുത്തു. ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്. വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രിയാണ് വി മുരളീധരൻ.