ഇന്ത്യൻ വ്യോമസേനയുടെ കരുതലിൽ കുഞ്ഞു സാധിക നാട്ടിലെത്തി; ആറുവയസുകാരിയുടെ ചികിത്സ ഇനി ഡൽഹി എയിംസിൽ

0
27

കുവൈറ്റ്: ലോക്ക് ഡൗണിനെ തുടർ‌ന്ന് ചികിത്സയ്ക്കായി നാട്ടിലെത്താൻ സാധിക്കാതെ പോയ ആറുവയസുകാരിക്ക് താങ്ങായി ഇന്ത്യൻ വ്യോമസേന. കുവൈറ്റില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രതീഷ്‌കുമാറും ഭാര്യയുമാണ് ആറുവയസുകാരിയായ മകൾ സാധികയുടെ അർബുദ ചികിത്സയ്ക്കായി നാട്ടിലെത്താനാകാതെ വിഷമിച്ചത്. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇരുന്നത്.

തുടർന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, മീനാക്ഷിലേഖി എംപി., വി.കെ. ശ്രീകണ്ഠൻ എംപി. തുടങ്ങിയവരുടെ സഹായം തേടി. ബി.പി.പി., സേവാദർശൻ തുടങ്ങിയ സംഘടനകളും ഇന്ത്യൻ എംബസിയും രമേഷ് മന്നത്തും ഇതിനായി ഇടപെട്ടിരുന്നു. ഇതിനിടെയാണ് കുവൈത്തിൽ കോവിഡ് ചികിത്സാ പരിശീലനത്തിന് ഇന്ത്യൻ സംഘമെത്തിയത്. ഇവരെത്തിയ വ്യോമസേനാ വിമാനത്തിൽ സാധികയെ നാട്ടിലെത്തിക്കാൻ തീരുമാനമായി.

കുവൈത്തിൽ വൈദ്യപരിശീലനം നൽകി തിരിച്ചുവന്ന ഇന്ത്യൻ മെഡിക്കൽ സംഘത്തിനൊപ്പം വ്യോമസേനയുടെ വിമാനത്തിൽ സാധികയും കുടുംബവും ഡൽഹിയിലെത്തി. സാധിക എന്ന ആറു വയസ്സുകാരിയുടെ അർബുദത്തിനുള്ള ചികിത്സ ഇനി ഡൽഹി എയിംസിൽ നടക്കും.