കുവൈത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സൂചന

0
25
കുവൈത്തിൽ കൊറോണ വൈറസ്‌ വ്യാപനവും രോഗ ബാധയെ തുടർന്നുള്ള മരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വീണ്ടുംകടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സൂചനക. ഇതുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ നാളെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭയുടെ പരിഗണനക്കായി നിർദ്ദേശം സമർപ്പിക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.ഇത്‌ സംബന്ധിച്ച്‌ തിങ്കളാഴ്ചയോ അല്ലെങ്കിൽ വ്യാഴാഴ്ചയോ ചേരുന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. ഈ ഒരാഴ്ചക്കിടയിൽ കൊറോണ ബാധയെ തുടർന്ന് 34 മരണങ്ങളാണു രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ ഭാഗിക കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു ഉത്തരവാദിത്തപ്പെട്ട അധികാരികളിൽ സമ്മർദ്ധം വർദ്ധിപ്പിക്കുകയാണു. നേരത്തെ കർഫ്യൂ ഏർപ്പെടുത്തുകയും പിന്നീട്‌ പിൻ വലിക്കുകയും ചെയ്ത നിരവധി രാജ്യങ്ങൾ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി വരികയാണു. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ കർഫ്യൂ ഒഴികെയുള്ള മറ്റു നടപടികൾ ഏർപ്പെടുത്തുന്നതിനാകും മുൻ ഗണന. ഇത്‌ ഫലപ്രദമായില്ലെങ്കിൽ മാത്രം കർഫ്യൂ ഏർപ്പെടുത്തിയാൽ മതിയെന്നാണു ആരോഗ്യ മന്ത്രാലയത്തിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്‌. എന്നാൽ നിലവിൽ രാജ്യത്തെ ആരോഗ്യ സ്ഥിതി അപകടകരമായ നിലയിലേക്കാണു പോകുന്നത്‌ എന്നതിൽ ആർക്കും എതിരഭിപ്രായമില്ല. രാജ്യം തണുപ്പിലേക്ക്‌ നീങ്ങുന്നതോട്‌ കൂടി അപകട സാധ്യത ഇരട്ടിയാകുമെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്‌. ഈ ഘടകങ്ങൾ എല്ലാം പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ ഈ ആഴ്ച തന്നെ മന്ത്രി സഭാ തീരുമാനം ഉണ്ടാകുമെന്നാണു വിലയിരുത്തപ്പെടുന്നത്‌.
– Ismail Payyoli –