കൊറോണ വൈറസ്: കുവൈറ്റിൽ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

0
27

കുവൈറ്റ്: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ലോകമെമ്പാടും ആശങ്ക ഉയർത്തുന്നുണ്ട്. ചൈനയിൽ നിന്നെത്തിയവരെ നിരീക്ഷിച്ചും വിമാനത്താവളങ്ങളിലടക്കം സുരക്ഷാ നിരീക്ഷണമാർഗങ്ങൾ ശക്തമാക്കിയും പല രാജ്യങ്ങൾ രോഗത്തെ അകറ്റി നിർത്താനുള്ള മാർഗങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഡോ ബസെൽ അൽ സബാ അറിയിച്ചിട്ടുണ്ട്.‌

കൊറോണ വൈറസ് ബാധിച്ച ഒരു കേസും ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വിശ്വാസ യോഗ്യമായ വിവരങ്ങൾ അറിയാൻ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കേന്ദ്രങ്ങളുമായി മാത്രം ബന്ധപ്പെടണമെന്നും മന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വൈറസ് ബാധ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയുള്ള മാർഗനിര്‍ദേശങ്ങളാണ് രാജ്യം പിന്തുടരുന്നത്. അന്തർദേശീയ തലത്തിൽ നടപ്പിലാക്കിയ മാർഗങ്ങളാണ് വൈറസ് ബാധ തടയുന്നതിനായി പിന്തുടരുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് വിമാനത്താവളത്തിലടക്കം നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.രോഗബാധ സംശയിക്കുന്നവരെ വിശദമായി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എയർപോർട്ടിൽ തന്നെ ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം ഉണ്ടായാൽ അതിനെ നേരിടാൻ എല്ലാ വകുപ്പുകളും സുസജ്ജമാണെന്നും സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.