അപാഷെ ഗാർഡിയൻ അറ്റാക് ഹെലിക്കോപ്റ്റർ (എഎച്ച് 64 ഇ), ജൂലൈ മുതൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ പോവുകയാണ് രാത്രി യുദ്ധത്തിലെ ഈ കരുത്തൻ. 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും സാധിക്കുന്ന ഈ ഹെലികോപ്റ്ററിൽ അത്യാധുനിക സെൻസർ ഉപയോഗിച്ച് രാത്രിയിലെ കാഴ്ച കൂടുതൽ വ്യക്തതയോടെയും കൃത്യതയോടെയും ലഭിക്കും. ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. കോക്ക് പിറ്റിൽ രണ്ടുപേർക്കിരിക്കാൻ സാധിക്കും. പൈലറ്റിന് മുന്നിൽ സ്ഥാനം ഉറപ്പിക്കുന്ന സഹപൈലറ്റിനാണ് ആക്രമണത്തിന്റെ ചുമതല. ബുള്ളറ്റ് പ്രൂഫ് കവചത്തോടെയാണ് കോക്ക് പിറ്റ് എന്നത് യുദ്ധത്തിൽ കൂടുതൽ കരുത്തേകുന്നു.
ഇന്ത്യയെ കൂടാതെ യൂസ്, സ്രായേൽ, ഈജിപ്ത്, നെതെർലാൻഡ് എന്നിവർ ഈ കരുത്തനെ സ്വന്തമാക്കിയവരാണ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ, കൊസോവോ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ യുഎസ് സേനയും ലെബനൻ, ഗാസ എന്നിവിടങ്ങളിൽ ഇസ്രയേൽ സേനയും ഈ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്.
ബോയിങ്ങിൽനിന്ന് ചിനൂക് ഹെലിക്കോപ്റ്ററുകൾ സ്വന്തമാക്കിയതിനു പിന്നാലെയാണ് അറ്റാക് ഹെലിക്കോപ്റ്ററായ അപാഷെയും ഇന്ത്യയിലേക്കെത്തുന്നത്. 22 അപാഷെ ഹെലിക്കോപ്റ്ററുകൾക്കുള്ള 13,952 കോടി രൂപയുടെ കരാർ 2015 സെപ്റ്റംബറിലാണു വ്യോമസേനയും യുഎസ്സും ബോയിങ്ങും ചേർന്ന് ഒപ്പിട്ടത്. ബോയിങ്ങിന്റെ ആസ്ഥാനമായ അരിസോണയിലെ നിർമാണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആദ്യ അപാഷെ ഹെലിക്കോപ്റ്റർ ഇന്ത്യൻ വ്യോമസേന എയർ മാർഷൽ എ.എസ്.ബുതോല ഏറ്റുവാങ്ങി.
യുദ്ധമുന്നണിയിൽ കരുത്തു വർധിപ്പിക്കാനുള്ള വ്യോമസേനയുടെ ശ്രമങ്ങൾക്ക് ഊർജം പകർന്നുകൊണ്ട് ഹെലിക്കോപ്റ്ററുകളുടെ ആദ്യ ബാച്ച് കടൽ മാർഗം ജൂലൈയിൽ ഇന്ത്യയിലെത്തുമെന്നാണ് സേനാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അപാഷെ പറപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഏതാനും വ്യോമസേന പൈലറ്റുമാർ അലബാമയിലെ യുഎസ് സേനാത്താവളത്തിൽ നിന്ന് അടുത്തിടെ നേടിയിരുന്നു. മലനിരകളിലേക്ക് ഉയർന്നു പറക്കുന്നതുൾപ്പെടെ ഇന്ത്യൻ സാഹചര്യങ്ങൾക്കു യോജിച്ച വിധം ഹെലിക്കോപ്റ്ററിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.