ഡൽഹിയുടെ മാറ്റങ്ങൾക്കായി ബിജെപിക്ക് വോട്ട് ചെയ്യണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

0
28

ന്യൂഡൽഹി: ഡൽഹിയുടെ മാറ്റങ്ങൾക്കായി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഇപ്പോൾ തന്നെ ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ഇവിടുത്തെ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കും.. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ മൂലമാണ് ഇവിടുത്തെ കോളനികൾക്ക് മേലുള്ള ബുൾഡോസർ ഭീഷണി ഇല്ലാതായതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും രൂക്ഷവിമർശനങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കെജ്രിവാൾ വീണ്ടും അധികാരത്തിലേറിയാൽ ഡൽഹിയിൽ അരാജകത്വം വ്യാപിക്കുമെന്നും തലസ്ഥാന നഗരിയെ അരാജകത്വത്തിന്റെ ഇടമാക്കാനില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയയിലും ഷഹീൻ ബാഗിലും നടക്കുന്ന പ്രതിഷേധങ്ങൾ ഏതോ പദ്ധതിയുടെ ഭാഗമാണെന്നും അല്ലാതെ യാദൃശ്ചികമല്ലെന്നുമുള്ള ആരോപണവും പ്രധാനമന്ത്രി ഉന്നയിച്ചു. ആക്രമണങ്ങളെ അപലപിച്ച കോടതിയുടെ വാക്കുകൾ പോലും കേൾക്കാൻ തയ്യാറാകത്തവരാണ് ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നത്. സമരക്കാർ മൂലം നോയ്ഡയ്ക്കും ഡൽഹിക്കും ഇടയിലുള്ള യാത്രക്കാര്‍ കഷ്ടപ്പെടുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവർക്ക് മികച്ച വാഗ്ദാനങ്ങൾ നല്‍കിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. ബിജെപി അധികാരത്തിൽ വന്നാൽ സാധാരണക്കാർക്ക് വീട് വച്ചു നൽകുമെന്നാണ് മുഖ്യ വാഗ്ദാനം.