തിരുവനന്തപുരം: അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നവെന്ന കാര്യവും അനുശോചന കുറിപ്പിൽ മുഖ്യമന്ത്രി എടുത്തു പറയുന്നു.
രോഗബാധയെ തുടർന്ന് ചികിത്സയിലിരുന്ന സുൽത്താന്റെ മരണം ഇന്ന് പുലർച്ചയോടെയാണ് ഔദ്യോഗിക മാധ്യമങ്ങൾ പുറത്തു വിട്ടത്. വെള്ളിയാഴ്ചയാണ് 79 കാരനായ സുൽത്താന്റെ മരണം സംഭവിച്ചതെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിൽ അനുശോചിക്കുന്നു.
ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
1970ൽ ഭരണം ഏറ്റെടുത്ത സുൽത്താൻ ഒമാനെ ആധുനിക വത്കരിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. ഒമാന് ഭരണഘടന ഉണ്ടാക്കിയതും മന്ത്രിസഭ രൂപീകരിച്ചതുമൊക്കെ സുൽത്താന്റെ ഭരണമികവിന് ദൃഷ്ടാന്തങ്ങളാണ്.
അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുകയും ജനങ്ങൾ ഇഷ്ടപ്പെടുകയും ചെയ്ത സുൽത്താൻ ഒമാന്റെ ഭരണ സാരഥ്യം ദീർഘകാലം വഹിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടത്.