പ്രിഥ്വിരാജും നമ്മള്‍ ഉദ്ദേശിച്ചയാളല്ല സാറേ………

വിജിമനോജ്‌

0
25

ഒരു സിനിമയെക്കുറിച്ച് പറഞ്ഞു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം അന്വേഷിക്കുന്നത് ആരാണ് നായകന്‍ എന്നാണ്.  അതാണ്‌ നാട്ടുനടപ്പ്. സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ക്യൂവിന്‍റെ എത്രയോ പിന്നില്‍ വരുന്നവരാണ്, ഈയിടയ്ക്ക് കുറച്ചു മാറ്റമുണ്ടെങ്കിലും.  എന്നാല്‍ ലൂസിഫര്‍ എന്ന, മലയാളസിനിമാലോകത്ത് തരംഗമായ, മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് പറയുമ്പോള്‍ കയ്യടി കൂടുതല്‍ കിട്ടുന്നത് അതിന്‍റെ സംവിധായകനാണ്.  പ്രിഥ്വിരാജ് എന്ന മലയാളസിനിമയിലെ യുവനടന്. പക്ഷേ,  ലൂസിഫര്‍ സിനിമയെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് തോന്നുന്നത്  ആദ്യം പറയേണ്ടത് മറ്റൊരു പ്രതിഭയെക്കുറിച്ചാണെന്നാണ്.

മുരളീഗോപി :

അതെ, അത് മലയാളസിനിമയിലെ ഒരു മഹാനടന്‍ നമുക്ക് സമ്മാനിച്ച ഈ പ്രതിഭയല്ലാതെ വേറെ ആരുമല്ല. വലിയ കഥയൊന്നുമില്ലാത്ത ഒരു സിനിമ, പ്രേക്ഷകരെ പിടിച്ചിരുത്തണമെങ്കില്‍ അതില്‍ അത്യാവശ്യം വേണ്ട ചില ഘടകങ്ങളില്‍ ഒന്നാണ് അതിന്‍റെ തിരക്കഥ. കോമഡിയിലൂടെ, മനസ്സില്‍ കൊള്ളുന്ന വാചകങ്ങളിലൂടെ മലയാളത്തിലെ ഒരുപാട് സിനിമകള്‍, അതിന്‍റെ കഥയില്ലായ്മയെ മറന്നു നമ്മള്‍ വിജയിപ്പിച്ചിട്ടുണ്ട് അഥവാ അതിന്‍റെ തിരക്കഥാകൃത്തുക്കള്‍ നമ്മളെ പിടിച്ചിരുത്തി ധാരാളം കഥയില്ലാത്ത സിനിമകള്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍ ലൂസിഫറില്‍ അതിന്‍റെ തിരക്കഥ, സംഭാഷണമില്ലായ്മകൊണ്ട് തിളങ്ങി നില്‍ക്കുന്ന ഒന്നാണ്.  അളന്നുതൂക്കിയ വാക്കുകള്‍, കാച്ചിക്കുറുക്കിയ വാചകങ്ങള്‍. അതാണ്‌ ലൂസിഫര്‍ സിനിമയെ മികച്ചതാക്കുന്ന ഏറ്റവും വലിയ ഘടകങ്ങളില്‍ ഒന്ന്. പറഞ്ഞുതുടങ്ങിയത് നടനില്‍ നിന്നും പറഞ്ഞുവന്നത് സംവിധായകനിലൂടെയും ആണെങ്കിലും എന്‍റെ ആദ്യ കയ്യടി മുരളീഗോപിയ്കാണ്.  കാച്ചിക്കുറുക്കിയ സംഭാഷണങ്ങള്‍. അതിശയോക്തിയോ അതിഭാവുകത്വമോ ഇല്ലാത്ത ആഴി കടഞ്ഞെടുത്ത അമൃത്പോലെ ചുരുങ്ങിയ വാചകങ്ങള്‍. അതിനി നായകനായാലും വില്ലനായാലും ചായ കൊണ്ടുവരുന്ന അമ്മയായാലും. ആയിരം മരങ്ങള്‍കിളിര്‍ക്കുന്ന ചെറുവിത്തുകള്‍പോലെ അളന്നു കുറിച്ച വാചകങ്ങള്‍കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട് ലൂസിഫര്‍.   ഭാവങ്ങളിലൂടെ, നോട്ടങ്ങളിലൂടെ സംവദിക്കുന്ന ഒരു സിനിമ. നടന്മാരെ തെരഞ്ഞെടുക്കുന്നതില്‍മാത്രമല്ല അവരെ കഥാപാത്രങ്ങള്‍ക്കനുസരിച്ച് രൂപമാറ്റം വരുത്തിയെടുക്കാനും സിനിമയില്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്.

പ്രിഥ്വിരാജ്

ദൃശ്യത്തിലെ ജോര്‍ജുകുട്ടിയേയും ഒപ്പത്തിലെ രാമച്ചനെയുമല്ല (അതും ലാലേട്ടന്‍ഗംഭീരമാക്കിയ വേഷങ്ങളാണ് എങ്കിലും) ലാലേട്ടന്‍റെ ആരാധകര്‍ക്ക് വേണ്ടത് എന്ന് അദേഹത്തിന്‍റെ ഒരാരാധകന്‍മനസ്സിലാക്കിയില്ലെങ്കില്‍പിന്നെയാരാണ് മനസിലാക്കുക? മോഹന്‍ലാല്‍എന്ന മഹാനടനില്‍നിന്നും അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്ന ആരും പ്രതീക്ഷിക്കുന്ന ഒന്ന് പ്രേക്ഷകര്‍ക്കായി നല്‍കാന്‍കഴിഞ്ഞു എന്നതില്‍ സ്വതവേ അഹങ്കാരിയാണ് എന്നു കേള്‍ക്കാനിഷ്ടപ്പെടുന്ന പ്രിഥ്വിരാജിന് ഒന്നുകൂടി അഹങ്കരിക്കാം. അളന്നുമുറിച്ച വാചകങ്ങള്‍ മാത്രമുള്ള ഒരു തിരക്കഥ, പ്രേക്ഷകരുമായി ഇണങ്ങണമെങ്കില്‍ അത് ഭാവങ്ങളിലൂടെ അവരിലെത്തിക്കാന്‍ മികച്ച നടന്മാര്‍ക്ക് മാത്രമേ കഴിയൂ.  തുടക്കത്തിലെ ഇന്ദ്രജിത്തിന്‍റെ ചടുലസംഭാഷണങ്ങള്‍ നിറഞ്ഞ ഫേസ്ബുക്ക്‌ ലൈവിലൂടെയുള്ള, കഥാപാത്രങ്ങളെ പരിചയപ്പെടുത്തലിലൂടെ  പ്രേക്ഷകമനസ്സില്‍ കഥയിലേക്ക് ഒരു ചാലു കീറാന്‍ സംവിധായകന് കഴിഞ്ഞു എന്നുതന്നെ പറയാം. അഭിനയിക്കാന്‍ അധികമൊന്നും ഇല്ലായിരുന്നു എങ്കിലും, ‘റോബിന്‍ഹുഡി’ല്‍ നിന്നും ഇറങ്ങിവന്നതാണോയെന്നു സംശയം തോന്നുമെങ്കിലും സിനിമയിലെ തന്‍റെ റോളും പ്രിഥ്വിരാജ് ഭംഗിയാക്കി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആരാധന സിനിമയിലെ കഥാപാത്രത്തോട് ആക്കി മാറ്റി അത് നന്നായി പ്രകടിപ്പിക്കുകയും ചെയ്തു അദ്ദേഹം.

മോഹന്‍ലാല്‍

      മലയാളികള്‍ അവരുടെ ലാലേട്ടനില്‍നിന്നും പ്രതീക്ഷിക്കുന്നതെന്തോ അത് ലൂസിഫറില്‍നിന്നും ഉറപ്പായും ലഭിക്കുന്നുണ്ട്. ഒടിയനുവേണ്ടി രൂപമാറ്റം നടത്തിയപ്പോള്‍ മരിച്ചതാണ് ലാലേട്ടന്റെ കണ്ണിലെ കുസൃതിഭാവം.   ലൂസിഫറില്‍ ലാലേട്ടനെക്കാള്‍ കൂടുതല്‍ റോള്‍ ഉണ്ടായിരുന്നത് ആ കണ്ണുകള്‍ക്കാണ്. മനസ്സിലുള്ളത് കണ്ണിലൂടെ  കാട്ടിത്തരാന്‍ ലാലേട്ടനും ലാലേട്ടനില്‍ ഉള്ളത് പരമാവധി വാങ്ങിയെടുത്ത് പ്രേക്ഷകര്‍ക്ക്‌ നല്‍കാന്‍ പ്രിഥ്വിരാജിനും കഴിഞ്ഞിട്ടുണ്ട്.

          തെരഞ്ഞെടുക്കല്‍ ഓരോന്നും ഒന്നിനൊന്നു മികച്ചതായിരുന്നു എങ്കിലും എടുത്തുപറയേണ്ട ഒരാള്‍ വില്ലനായി വന്ന വിവേക് ഒബ്രോയി ആണ്. മിതമായ അഭിനയവും സംഭാഷണവും കൊണ്ട് ( പകുതി ക്രെഡിറ്റ്‌ നമ്മുടെ സ്വന്തം വിനീതിന്) വില്ലനും വിജയത്തിന്‍റെ ഭാഗമായിമാറി. മഞ്ജുവാര്യരുടെ പ്രിയദര്‍ശിനിയെന്ന കഥാപാത്രം  അമ്മ/മകള്‍/ഭാര്യ/സഹോദരി തുടങ്ങി എല്ലാ ഭാവങ്ങളിലും മികച്ചുതന്നെ നിന്നു. ഇടയ്ക്ക് രാഹുല്‍ഗാന്ധിയെ ഓര്‍മ്മിപ്പിച്ചുവെങ്കിലും ജതിന്‍ രാംദാസ് എന്ന യുവനേതാവ് ടോവിനോയുടെ കയ്യില്‍ ഭദ്രമാണ്.  പതിനായിരങ്ങള്‍ കൊടുത്തു വാങ്ങിയ വിഗ്ഗ് തറയില്‍ പോയാല്‍ ചാനലുകാര്‍ അതാഘോഷിക്കുമെന്ന് ‘പേടിച്ച്’ അടികൊള്ളാന്‍ അണികളെ വിട്ടുകൊടുത്ത്ഏസി കാറില്‍ക്കയറി പാട്ടുകേട്ടിരിക്കുന്ന ആധുനിക രാഷ്ട്രീയനേതാക്കളെയും ലൂസിഫറില്‍ കാണാന്‍ കഴിയും .

                 ഏത് വശത്തുനിന്നു നോക്കിയാലും അതിസുന്ദരമായ ഒരു ശില്‍പ്പമായി, പറയത്തക്ക (മുന്പ് കേട്ടിട്ടില്ലാത്ത) കഥയൊന്നുമില്ലാത്ത ഒരു സിനിമയെ മാറ്റിയെങ്കില്‍ കല്ലും ചീമുട്ടയും എറിഞ്ഞ പ്രേക്ഷകരെക്കൊണ്ട് പൂവും കിരീടവും ചൂടിച്ചുവെങ്കില്‍ അത് പ്രിഥ്വിരാജ് എന്ന സംവിധായകന്‍റെ മിടുക്കു തന്നെയാണ്.  കളഞ്ഞുകിട്ടിയ പൊന്നുകൊണ്ടല്ല,  ആഗ്രഹത്തിന്‍റെ, വാശിയുടെ, കഴിവിന്‍റെ ഉലയില്‍ വര്‍ഷങ്ങളായി ഊതിക്കാച്ചിയെടുത്ത പൊന്നുകൊണ്ടാണ് അദേഹം നമുക്ക് ആഭരണമുണ്ടാക്കി തന്നത്. അതുകൊണ്ടാണ് ഇത്രയും ആഹ്ലാദത്തോടെ അഭിമാനത്തോടെ മലയാളികള്‍ അത് കഴുത്തിലണഞ്ഞു നടക്കുന്നതും.  ലൂസിഫര്‍ മികച്ച സിനിമ എന്നതിനെക്കാള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെട്ട സിനിമ എന്നു പറയാനാണ് അതുകൊണ്ടുതന്നെ എനിക്കിഷ്ടം.

                ഇനിയൊരു ഫ്ലാഷ്ബാക്ക്. ലൂസിഫര്‍ സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയ, ലാലേട്ടന്‍ ഫാന്‍ കൂടിയായ മോന്‍, തിരിച്ചു വന്നപ്പോള്‍ വന്നത് ഒരു പരാതിയുംകൊണ്ടാണ്. ‘ ഈ പ്രിഥ്വിരാജിന് ഭയങ്കര അഹങ്കാരമാ, കാറില്‍ നിന്നിറങ്ങുന്ന ഒറ്റ സീന്‍ നൂറു റീടേക്ക് എടുപ്പിച്ചു ലാലേട്ടനെക്കൊണ്ട്. എന്നിട്ട് ലാലേട്ടന് ദേഷ്യം വന്നില്ലേ എന്നു ഞാന്‍. ഇല്ല, പക്ഷേ അവസാനം മുഖം കണ്ടാല്‍ ഉള്ളില്‍ ദേഷ്യമുള്ളത്പോലെ തോന്നും എന്നവന്‍.  എന്നാലിന്ന്, പ്രിഥ്വിരാജ് എന്ന സംവിധായകന്‍റെ ആ അഹങ്കാരത്തിന്‍റെ, മോഹന്‍ലാല്‍ എന്ന മഹാനടന്റെ ആ ക്ഷമയുടെ ചിപ്പിയില്‍നിന്നും വളര്‍ന്ന മുത്തിന്റെ പ്രഭയില്‍ ലോകം മുഴുവന്‍ തിളങ്ങി നില്‍ക്കുകയാണ് മലയാളസിനിമ.  അവസാനം ലാലേട്ടനില്‍ കണ്ട അമര്‍ഷം ആ കഥാപാത്രത്തിനു വേണ്ടതായിരുന്നു എന്നും അതായിരുന്നു സംവിധായകന് വേണ്ടിയിരുന്നത് എന്നും സിനിമ കണ്ട ആര്‍ക്കും മനസ്സിലാകും.

                          ഇംഗ്ലീഷ് സംസാരിക്കാനും അഭിനയിക്കാനും മാത്രമല്ല, അതിമനോഹരമായി ഒരു സിനിമയെ ഒരുക്കിയെടുക്കാനും തനിക്കു കഴിയുമെന്നു തെളിയിച്ച സംവിധായകനില്‍ നിന്നും ഇനിയുമിനിയും മികച്ച സിനിമകള്‍ ഉണ്ടാകട്ടെ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചു തുടങ്ങും മുന്‍പേ വന്നു അടുത്ത സന്തോഷവാര്‍ത്ത. ലൂസിഫര്‍ 2 വരുന്നു. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്നറിയാന്‍ കാത്തിരുന്നതിലും വലിയ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് സ്റ്റീഫന്‍ നെടുംപള്ളിയുടെ ആ മറഞ്ഞിരിക്കുന്ന 16 വര്‍ഷങ്ങളുടെ ചുരുളഴിയുന്നത് കാണാന്‍.