ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന അമ്മയും മരിച്ചു. മകൾക്കു പിന്നാലെ വൈകിട്ടോടു കൂടിയാണ് അമ്മയും മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയുടെ മരണവും ഡോക്ടർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
അമ്മയും മകളും അടങ്ങുന്ന കുടുംബം കാനറ ബാങ്കിൽ നിന്നു വായ്പയെടുത്തത് 15 വർഷങ്ങൾക്ക് മുന്പായിരുന്നു. ലേഖയുടെ ഭർത്താവ് ചന്ദ്രൻ വിദേശത്തു ജോലി ചെയ്തിരുന്ന സമയത്ത് വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിനാണ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു എന്നാണറിവ്. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ചന്ദ്രന്‍ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതിനെത്തുടർന്നു ബാങ്ക് തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് നല്‍കി. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഈ മാസം 10–ാം തീയതി അഭിഭാഷക കമ്മിഷനും പൊലീസും ജപ്തി നടപടികള്‍ക്ക് വീട്ടിലെത്തി. നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കാമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ അവസാന ദിവസവും അതിനു സാധ്യമല്ലാതായതിനെ തുടർന്ന് ലേഖയും വൈഷ്ണവിയും മാനസികമായി തളർന്നിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡിഗ്രി വിദ്യാർഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വൈകിട്ടോടു കൂടി ഗുരുതരാവസ്ഥയിലായ അമ്മയുടെ മരണവും ഡോക്ടർ സ്ഥിരീകരിച്ചതായാണ് അറിവ്.