ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വീണ്ടും ലൈംഗിക ആരോപണം: സഭയുടെ മൗനത്തിനെതിരെ കന്യാസ്ത്രീകൾ

0
27

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് വീണ്ടും കന്യാസ്ത്രീകൾ രംഗത്ത്. വിഷയത്തിൽ സഭ മൗനം പാലിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും പരാതിക്കാരിയായ ഇരയ്ക്കൊപ്പമാണ് സഭ നിൽക്കേണ്ടതെന്നുമാണ് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ പറയുന്നത്.

ആദ്യ പരാതി നൽകി രണ്ട് വർഷം പിന്നിട്ടിട്ടും സഭാ അധികാരികൾ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ബിഷപ്പിനെ സഭ സംരക്ഷിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ നിലവിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ഫ്രാങ്കോ മുളയ്ക്കൽ. ഇതിനിടെയാണ് അദ്ദേഹത്തിനെതിരെ പുതിയ പീഡന ആരോപണം ഉയർന്നത്.

ബിഷപ്പ് വീഡിയോ കോളിലൂടെ അശ്ലീലം പറഞ്ഞുവെന്നും ശരീരത്തിൽ കടന്നു പിടിച്ച് ചുംബിച്ചുവെന്നും കാട്ടി മിഷനറീസ് ഒാഫ് ജീസസിലെ കന്യാസ്ത്രീയാണ് രംഗത്തെത്തിയത്. വിഷയത്തിൽ സഭ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് ഇത് ചോദ്യം ചെയ്ത് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ രംഗത്തെത്തിയിരിക്കുന്നത്. ബിഷപ്പ് കൂടുതൽ പേരെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇയാള്‍ക്കെതിരെ കൂടുതൽ പരാതികളെത്തുന്നത്. ബിഷപ്പ് ഫ്രാങ്കോ സ്വാധീനിച്ചതുകൊണ്ടാകാം കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും അവർ ആരോപിച്ചു.