വിമാനം വൈകിയാൽ ഇനി സൗജന്യ ഭക്ഷണം

0
25

ന്യൂഡൽഹി: വിമാാനങ്ങൾ വൈകി വിമാനത്താവളത്തിൽ കുടുങ്ങേണ്ടി വരുന്ന അവസ്ഥ വളരെ പ്രയാസമാണ് യാത്രികർക്ക്. ചെക് ഇൻ ചെയ്ത് ടേക്ക് ഓഫിനായി മണിക്കൂറുകളോളം വൈകേണ്ടി വരുന്ന സാഹചര്യം ബുദ്ധിമുട്ടിനൊപ്പം പണച്ചിലവുമാണ്. വിശന്നു വലഞ്ഞ് എയർപോർട്ടിലെ ഭക്ഷണം വാങ്ങിക്കഴിക്കാൻ പോയാൽ പോക്കറ്റ് കാലിയാകും. എന്നാൽ ഇതൊഴിവാക്കാനായി പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം.

എയർപോർട്ടിൽ പെട്ടു പോകുന്ന യാത്രികർക്ക് മന്ത്രാലയം പുറത്തിറക്കിയ പാസഞ്ചർ ചാർട്ടർ ഉപയോഗപ്പെടുത്തി സൗജന്യമായി ഭക്ഷണം കഴിക്കാം. എന്നാൽ എല്ലാവർക്കും ഈ സൗകര്യം ലഭ്യമല്ല എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. കൃത്യസമയം തന്നെ ചെക്ക് ഇന്‍ ചെയ്ത് കയറി വിമാനം രണ്ട് മണിക്കൂറിലധികം വൈകിയാൽ ഈ സൗജന്യം ലഭിക്കും. ബ്ലോക്ക് ടൈം ഉള്‍പ്പെടെ രണ്ടര മണിക്കൂറിലധികം വിമാനം വൈകിയാലും ഈ ഓഫര്‍ ലഭിക്കും.

വിമാനം വൈകുന്ന സാഹചര്യങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത എയർലൈൻ കൗണ്ടറുമായി ബന്ധപ്പെട്ടാണ് ഈ സേവനം നേടിയെടുക്കേണ്ടത്. ടിക്കറ്റ് കാണിച്ച് വിമാനം വൈകുന്ന വിവരം അറിയിച്ച് പാസഞ്ചർ ചാർട്ടിലുള്ള സൗജന്യ ഭക്ഷണം ആവശ്യപ്പെടണം. അപ്പോൾ ലഭിക്കുന്ന വൗച്ചർ ഉപയോഗിച്ച് സൗജന്യമായി ഭക്ഷണം കഴിക്കാം,

ആഭ്യന്തര വിമാന യാത്രികരെയും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. മൂന്നുമണിക്കൂറിലെറെയോ അല്ലെങ്കിൽ ബ്ലോക്ക് ടൈം അടക്കം രണ്ടര മുതല്‍ അഞ്ചു മണിക്കൂര്‍ വരെ വിമാനം വൈകുകയോ ചെയ്താലേ ഈ സേവനം ലഭ്യമാകു.