കുവൈത്ത് സിറ്റി: മുംബൈയിൽ നിന്ന് ഗൾഫ് എയർ വഴി മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്ത ഇന്ത്യൻ യാത്രക്കാർ അടിയന്തര ലാൻഡിംഗ് കാരണം കുവൈറ്റ് വിമാനത്താവളത്തിൽ 13 മണിക്കൂറിലധികം കുടുങ്ങി. ബഹ്‌റൈനിൽ നിർത്തിയ വിമാനം അപ്രതീക്ഷിതമായ കാരണത്താൽ പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിൽ കുവൈറ്റിൽ തിരികെ ഇറക്കാൻ നിർബന്ധിതമാവുകയായിരുന്നു. 60 ഓളം യാത്രക്കാർ എയർലൈനിൽ നിന്ന് മതിയായ പിന്തുണയില്ലാതെ അനിശ്ചിതത്വത്തിലായി. മണിക്കൂറുകൾ കഴിയുന്തോറും നിരാശ വർദ്ധിക്കുകയും നിരവധി യാത്രക്കാർ എയർപോർട്ട് അധികൃതരുമായി തർക്കിക്കുകയും ചെയ്തു. ഗൾഫ് എയർ യൂറോപ്യൻ യൂണിയൻ, യുകെ, അമേരിക്കൻ പൗരന്മാർക്ക് മാത്രം താമസ സൗകര്യം വാഗ്ദാനം ചെയ്യുകയും ഇന്ത്യൻ യാത്രക്കാരെ യാതൊരുവിധ സഹായങ്ങളും നൽകാതെ കയ്യൊഴിയുകയും ആയിരുന്നു. സ്ഥിതിഗതികൾ അറിഞ്ഞയുടൻ കുവൈറ്റിലെ ഇന്ത്യൻ എംബസി പെട്ടെന്ന് ഇടപെട്ട് കുടുങ്ങിപ്പോയ യാത്രക്കാരെ സഹായിച്ചു. എയർലൈനുമായി ഏകോപിപ്പിക്കുന്നതിനും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനുമായി എംബസി ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തിലെത്തി സഹായിക്കുകയായിരുന്നു. ജിസിസി ഉച്ചകോടി നടക്കുന്നതിനാൽ ഹോട്ടൽ താമസ സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ രണ്ട് എയർപോർട്ട് ലോഞ്ചുകളിലേക്ക് യാത്രക്കാർക്ക് പ്രവേശനം നൽകിയിട്ടുണ്ടെന്ന് എംബസി സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യക്കാർക്ക് എൻട്രി വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായി.
കുവൈത്തിൽ പൊതു അവധിയായതോടെ കുടുങ്ങിയ യാത്രക്കാർക്ക് ഹോട്ടലുകളിലേക്ക് മാറാൻ കഴിയാത്തതും ദുരിതം വർധിപ്പിച്ചു. എന്നിരുന്നാലും, എംബസിയുടെ നിരന്തര ശ്രമങ്ങൾക്ക് ശേഷം, നീണ്ട കാത്തിരിപ്പിനിടയിൽ യാത്രക്കാർക്ക് പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ലോഞ്ച് പ്രവേശനം നൽകാൻ എയർലൈൻ സമ്മതിക്കുകയായിരുന്നു. ഒടുവിൽ ഡിസംബർ 2 ന് പുലർച്ചെ 4:34 ന് കുവൈറ്റ് എയർപോർട്ടിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് വിമാനം മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടു. വിമാനം പറന്നുയരുന്നതുവരെ ഇന്ത്യൻ എംബസി സംഘം വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.