കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരമായ മഹ്ജാബിന്‍ ഹക്കീമിയെ താലിബാന്‍ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ടീം കോച്ചുകളിൽ ഒരാൾ അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഒക്ടോബര്‍ ആദ്യത്തിലായിരുന്നു കൊലപാതകം നടന്നതെന്നും സംഭവം പുറത്ത് പറയരുതെന്ന ഭീഷണി കുടുംബത്തിന് ഉണ്ടായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.
കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബിന് വേണ്ടിയായിരുന്നു ടീം കളിച്ചിരുന്നത്. ടീമിന്റെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു മഹ്ജാബിന്‍. കഴിഞ്ഞ സർക്കാരിന്റെ പതനത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ വനിതാ അത്ലറ്റുകൾ ഗുരുതരമായ സുരക്ഷാ ഭീഷണി നേരിടുന്നതായും താലിബാൻ അവർക്കായി വിവിധ നഗരങ്ങളിൽ തിരച്ചിൽ നടത്തുന്നതായും കോച്ച് കൂട്ടിച്ചേർത്തു.
താലിബാന്‍ അധികാരമേറ്റെടുത്ത ശേഷം ടീമിലെ രണ്ട് താരങ്ങള്‍ക്ക് മാത്രമെ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചുള്ളൂ. നിരവധി താരങ്ങൾ ഒളിവിലാണെന്നും അവർ വിദേശ സഹായത്തിനായി ശ്രമിക്കുന്നുണ്ടെന്നും കോച്ച് പറഞ്ഞു.