അമേരിക്കൻ കപ്പലിലെ സ്റ്റോർ കീപ്പറിൽ നിന്ന് ‘കുവൈറ്റ് ചാണ്ടി’യിലേക്ക്: തോമസ് ചാണ്ടിയുടെ വളർച്ച തുടങ്ങിയത് കുവൈറ്റിൽ നിന്ന്

0
15

കുവൈറ്റ്: കഴിഞ്ഞ ദിവസം അന്തരിച്ച കുട്ടനാട് എംഎൽഎ‌ തോമസ് ചാണ്ടി രാഷ്ട്രീയ രംഗത്ത് മാത്രമല്ല ബിസിനസിലും തിളങ്ങി നിന്ന വ്യക്തിത്വം ആണ്. ഒന്നുമില്ലായ്മയിൽ നിന്നും ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ അദ്ദേഹം വേരൂന്നിയത് കുവൈറ്റിലാണ്. കുട്ടനാട്ടെ കളത്തിൽപ്പറമ്പിൽ വീട്ടിൽ നിന്നും പത്താം ക്ലാസും ടെലിപ്രിന്റിംഗിൽ ഡിപ്ലോമയുമായാണ് തോമസ് ചാണ്ടി എന്ന യുവാവ് 1975ൽ ആദ്യമായി കുവൈറ്റിലെത്തുന്നത്.

ഇവിടെ ഒരു അമേരിക്കൻ കപ്പലില്‍ സ്റ്റോർ കീപ്പറായാണ് തുടക്കം. പിന്നിടങ്ങോട്ട് അദ്ദേഹത്തിന്റെ കാലമായിരുന്നു. തോമസ് ചാണ്ടിയിൽ നിന്നും കുവൈറ്റ് ചാണ്ടിയിലേക്കുള്ള വളർച്ച. കുവൈത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, ജാബിരിയ ഇന്ത്യൻ പബ്ലിക് സ്കൂൾ, ഹൈഡൈൻ സൂപ്പർമാർക്കറ്റ്, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഓഷ്യാനിക് ജനറൽ ട്രേഡിങ് കമ്പനി, സൗദിയിലെ ജിദ്ദയിൽ അൽ അഹ്‌ലിയ സ്കൂൾ എന്നിവ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുണ്ട്.

നാട്ടിൽ കെഎസ് യു പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തോമസ് ചാണ്ടിയെ രാഷ്ട്രീയ രംഗത്ത് കൈപിടിച്ചുയർത്തിയത് ലീഡർ കെ.കരുണാകരനായിരുന്നു. 1985-ൽ അസോസിയേഷൻ ഓഫ് ഗൾഫ് കോൺഗ്രസിലൂടെയാണ് കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായത്. പിന്നീട് നാട്ടിൽ രാഷ്ട്രീയത്തിൽ സജീവമായി മന്ത്രിസ്ഥാനത്ത് വരെയെത്തിയെങ്കിലും തന്റെ വളർച്ചയ്ക്ക് വെള്ളവും വളവുമേകിയ കുവൈറ്റ് ബന്ധം അദ്ദേഹം വിട്ടിരുന്നില്ല.

അർബുദരോഗ ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഡിസംബര്‍ 24നാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.