കുവൈറ്റ് സിറ്റി: 26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഫൈനൽ മത്സരം ഇനി ജനുവരി 4 ശനിയാഴ്ച നടക്കുമെന്ന് ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ്റെ കോംപറ്റീഷൻ കമ്മിറ്റി ഞായറാഴ്ച അറിയിച്ചു. ആദ്യം ജനുവരി 3 ന് നിശ്ചയിച്ചിരുന്ന ചാമ്പ്യൻഷിപ്പ് മത്സരം ഒരു ദിവസത്തിന് ശേഷം കുവൈത്ത് സിറ്റിയിലെ ജാബർ അൽ-അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ഞായറാഴ്ച നടന്ന കമ്മിറ്റി യോഗത്തിലാണ് ഫൈനൽ പുനഃക്രമീകരിക്കാനുള്ള തീരുമാനമെടുത്തതെന്നും ഗൾഫ് ഫുട്ബോൾ ഫെഡറേഷനുകളുമായുള്ള കൂടിയാലോചനകളെ തുടർന്നാണ് ഫൈനൽ പുനഃക്രമീകരിക്കാനുള്ള തീരുമാനമെന്നും കമ്മിറ്റി തലവൻ ഖാലിദ് അൽ മുഖ്രിൻ പറഞ്ഞു. ഫൈനൽ നീക്കിയെങ്കിലും സെമിഫൈനൽ മത്സരങ്ങൾ ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന ആദ്യ സെമിയിൽ സൗദി അറേബ്യ ഒമാനെ നേരിടും. അന്ന് വൈകുന്നേരം ബഹ്‌റൈൻ ആതിഥേയരായ കുവൈത്തിനെ നേരിടും.