“അർഫജ് പറഞ്ഞ കഥകൾ” പ്രകാശനം ചെയ്തു

0
37

കുവൈറ്റ്: കുവൈറ്റിലെ സാഹിത്യ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ അഞ്ചാമത് പുസ്തകമായ “അർഫജ് പറഞ്ഞ കഥകൾ” എന്ന ചെറുകഥാ സമാഹാരം മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ച് ലോക കേരള സഭാ അംഗം ആർ.നാഗനാഥൻ പ്രകാശനം ചെയ്തു. എഴുത്തുകാരൻ ധർമ്മരാജ് മടപ്പള്ളി പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത നാടക പ്രവർത്തകൻ ബാബുജി ബത്തേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാലകളും വായനയും പൊതു ജീവിതത്തിൽ നിന്നും അകന്നു പോകുന്നതിന്റെ പ്രത്യാഘാതമാണ് ഇന്ന് നാം കാണുന്ന മൂല്യച്യുതിയെന്ന് ബാബുജി അഭിപ്രായപ്പെട്ടു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ വസന്തകാലത്ത് നിറഞ്ഞു നിൽക്കുന്ന കുവൈറ്റിന്റെ ദേശീയ പുഷ്പമായ അർഫജിന്റെ പേരിൽ കുവൈറ്റ് പ്രവാസികളായ പതിനാറു കഥാകൃത്തുക്കൾ രചിച്ച സൃഷ്ടികളുടെ സമാഹാരമാണ് “അർഫജ് പറഞ്ഞ കഥകൾ”പ്രേമൻ ഇല്ലത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ജവാഹർ.കെ.എഞ്ചിനീയർ സ്വാഗതം പറഞ്ഞു. വിഭീഷ് തിക്കൊടി പുസ്തക പരിചയം നടത്തി. ജ്യോതിദാസ്.പി.എൻ. കഥകളെ വിലയിരുത്തി സംസാരിച്ചു.

ചടങ്ങിൽ ജവാഹർ.കെ.എഞ്ചിനീയറെ ആദരിച്ചു. സത്താർ കുന്നിൽ, ഹിക്മത്ത്, കൃഷ്ണൻ കടലുണ്ടി, കെ.വി.മുജീബുള്ള, സുനിൽ ചെറിയാൻ, ഗായത്രി, ജി.സനൽകുമാർ, മധു രവീന്ദ്രൻ, ജിതേഷ് രാജൻ, ജയകുമാർ ചെങ്ങന്നൂർ, ഷിബു കുര്യാക്കോസ്, മഞ്ജു മൈക്കിൾ, മോളി മാത്യു എന്നിവർ ആശംസാ പ്രസംഗം നടത്തി. കഥാകൃത്തുക്കളായ സീന രാജവിക്രമൻ, ലിപി പ്രസീദ്, പ്രസീത പാട്യം എന്നിവർ മറുപടി പ്രസംഗം ചെയ്തു. സേവ്യർ ആന്റണി, ഷിബു ഫിലിപ്പ്, സതീശൻ പയ്യന്നൂർ, പ്രവീൺ കൃഷ്ണ എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു. പ്രതിഭ കുവൈറ്റിലെ അംഗങ്ങൾ രചിച്ച മറ്റു പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. മണികണ്ഠൻ വട്ടംകുളം കൃതജ്ഞത രേഖപ്പെടുത്തി.