അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ ഹെവൻസ്‌ ഓറിയെന്റേഷൻ സംഘടിപ്പിച്ചു.

0
10

ഫർവ്വാനിയ : അൽമദ്‌ റസത്തുൽ ഇസ്‌ ലാമിയ ഫർവ്വാനിയ ഹെവൻസ്‌ ക്ലാസുകളിലെ  പാഠ്യപദ്ധതി വിശദീകരിക്കുന്നതിനായി സ്കൈ 1, സ്കൈ 2, സ്കൈ3 ക്ലാസുകളിലെ രക്ഷിതാക്കൾക്ക് ഓറിയെന്റേഷൻ പ്രോഗ്രാം  സംഘടിപ്പിച്ചു.  ഫർവ്വാനിയ ഐഡിയൽ  ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ ഐ ജി പ്രസിഡന്റ്‌ പി ടി ശരീഫ്‌ ഉദ്ഘാടനം ചെയ്തു. മൂല്യബോധവും ലക്ഷ്യബോധവുമുള്ള നല്ല സംസ്ക്കാരത്തിനുടമകളാക്കി മക്കളെ വളർത്തുക എന്നത്‌ ഏതൊരു രക്ഷിതാവിന്റെയും ബാധ്യതയാണെന്നും അതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്‌ ഇസ്‌ലാമിക വിദ്യാഭ്യാസമെന്നും അദ്ദേഹം ഉണർത്തി. കെ ഐ ജി എജ്യുക്കേഷൻ ബോർഡ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടർ ഡോ. അലിഫ്‌ ശുക്കൂർ ഹെവൻസിനെ കുറിച്ചും 3 വർഷം കൊണ്ട്‌ ഒരു വിദ്യാർത്ഥിയെ  വിശുദ്ധഖുർ ആൻ നോക്കി ഓതാൻ കഴിയുന്ന രീതിയിൽ എങ്ങനെയാണ്‌ പ്രാപ്തമാക്കുന്നതെന്നും അതിനു രക്ഷിതാക്കളുടെ ഭാഗത്തുനിന്നും എന്തൊക്കെയാണ്‌ ആവശ്യമുള്ളതെന്നും വിശദീകരിച്ചു. ആൽഫ ജനറേഷൻ കുട്ടികൾക്ക്‌ ഏറ്റവും അനുയോജ്യമായ രീതിയിലുളള വിദ്യാഭ്യാസരീതിയാണ്‌ ഹെവൻസ്‌ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. തുടർന്ന് ഹെവൻസിൽ പഠിപ്പിക്കുന്ന അധ്യാപകരായ ഷംല ഹഫീസ്‌, ഫാത്ത്വിമ റാഫിദ്  ‌, ഫാത്തിമ തസ്നീം എന്നിവർ പഠിപ്പിക്കുന്ന രീതി രക്ഷിതാക്കൾക്ക്‌ വിശദീകരിച്ചു കൊടുത്തു.
ഫർവ്വാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം  ജിഹാൻ റയീസിൻ്റെ ഖിറാഅത്തോടു കൂടി  ആരംഭിച്ചു. പരിപാടിയിൽ പി ടി എ പ്രസിഡന്റ്‌ ഫൈസൽ സന്നിഹിതനായിരുന്നു. പ്രിൻസിപ്പൽ റസീന മൊഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്മിൻ നൈസാം സ്വാഗതവും കെ ഐ ജി എജ്യുക്കേഷൻ ബോർഡ്‌ സെക്രട്ടറി ശാഫി പി ടി സമാപനവും നടത്തി. വൈസ് പ്രിൻസിപൽ ശാഹിദ് സി പി, മദ്രസ അധ്യാപകർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Photo:കെ ഐ ജി പ്രസിഡൻ്റ് ശെരീഫ് പി ടി പ്രോഗ്രാം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു