കുവൈത്ത് സിറ്റി: കുവൈത്തിൽ ആഡംബര കാറുകൾ മോഷണം നടത്തി പകുതി വിലയ്ക്ക് വിൽക്കുന്ന മൂന്നു പേരടങ്ങുന്ന പ്രവാസി സംഘത്തെ പൊലീസ് അധികൃതർ പിടികൂടി. കുവൈത്തിൽ സ്ഥിര താമസം മതിയാക്കി സ്വദേശത്തേക്ക് പോകുന്ന പ്രവാസികളുടെ പേരിൽ കാറുകൾ വാടകയ്ക്ക് എടുത്താണ് ഇവർ വിൽക്കുന്നത്. പിടികൂടിയ പ്രാവാസികൾ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. വാടകയ്ക്കെടുത്ത വാഹനങ്ങൾ തിരികെ നൽകാതിരുന്നതോടെ റെന്റൽ ഓഫീസ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടിലേക്ക് പോകുന്ന പ്രവാസികളെ കണ്ടെത്തി, പോകുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇവരുടെ പേരിൽ വാഹനം എടുത്ത് മറിച്ചു വിൽക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. വാഹനത്തിന്റെ യാഥാർത്ഥ വിലയുടെ പകുതി വിലയ്ക്കാണ് വാഹനം വിൽക്കുന്നത്.