കുവൈത്ത് സിറ്റി: ആഡംബര വാഹനങ്ങളിൽ നിന്ന് ടയറുകൾ മോഷ്ടിച്ചതിനെ തുടർന്ന് സ്വദേശി അറസ്റ്റിലായി. ഇതോടെ വാഹന ടയർ മോഷണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ പരിഹരിച്ചതായി ഹവല്ലി ഗവർണറേറ്റിലെ ഇൻവെസ്റ്റിഗേഷൻ ആൻഡ് എൻക്വയറി ഡിപ്പാർട്ട്‌മെൻ്റ്. ടയറുകൾ മോഷ്ടിച്ചശേഷം സോഷ്യൽ മീഡിയയിൽ പരസ്യം നൽകി വീണ്ടും വിൽക്കുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. പരസ്യങ്ങളിലൂടെ ലഭിക്കുന്ന പ്രത്യേക അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിലാണ് താൻ ടയറുകൾ ടാർഗറ്റു ചെയ്‌തതെന്നും വേഗത്തിലുള്ള വിൽപ്പനയ്‌ക്കായി ഉയർന്ന ഡിമാൻഡുള്ള ടയറുകൾ ലക്ഷ്യമിട്ടാണ് മോഷണം നടത്തുന്നതെന്നും അയാൾ പറഞ്ഞു. മോഷ്ടിച്ച ടയറുകൾ കൊണ്ടുപോകാൻ വാൻ വാടകയ്ക്ക് എടുത്തിരുന്നതായും മൊഴിയിൽ വ്യക്തമാക്കി. ആഡംബര വാഹനങ്ങളിൽ നിന്ന് ടയർ മോഷണം പോകുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. അത്തരം വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാൻ ഒരു ടീമിനെ നിയോഗിക്കുകയും ഇതേ തുടർന്നാണ് പ്രതി അറസ്റ്റിലായതെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.