കുവൈത്ത് സിറ്റി : ആരോഗ്യ ഇൻഷുറൻസ് ഫീസ് ഓൺലൈൻ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായി റിപ്പോർട്ട്.കഴിഞ്ഞ ജൂലായ് 28 മുതൽ താമസരേഖ പുതുക്കന്നതിനു മുന്നോടിയായി അടക്കുന്ന ആരോഗ്യ ഇൻഷുറൻസ് ഫീസ് ഓൺ ലൈൻ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ചില വിഭാഗങ്ങൾക്ക് ഓൺലൈൻ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായാണു പരാതി ഉയർന്നിരിക്കുന്നത്.ഫലസ്തീൻ പാസ്സ്പോർട്ടുള്ളവർ , 3 മാസത്തിൽ കൂടുതൽ വിസകാലാവധിയുമായി താമസരേഖ പുതുക്കാനെത്തുന്ന അപേക്ഷകർ , നവജാത ശിശുക്കൾ,പാസ്സ്പോർട്ട് പുതുക്കിയ ശേഷം ആദ്യമായി താമസരേഖ പുതുക്കുന്നവർ , 17 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ , പാസ്സ്പോർട്ടിൽ രേഖപ്പെടുത്തിയ പേരിൽ ഭേദഗതി വരുത്തിയവർ മുതലായ വിഭാഗങ്ങളിൽ പെട്ടവർക്കാണു ഓൺലൈൻ വഴി ഫീസ് അടക്കുന്നതിനു തടസ്സം നേരിടുന്നത്. ഈ പ്രശ്നം നേരിടുന്നവർ സബാഹ് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കേന്ദ്രം വഴിയോ അല്ലെങ്കിൽ മന്ത്രാലയത്തിലെ ഇൻഫോർമ്മേഷൻ വിഭാഗം മുഖേനെയോ ഫീസ് അടക്കുന്നതിനു സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.ഇക്കാരണത്താൽ താമസരേഖ പുതുക്കുന്നതിനു കാലതാമസം നേരിടുന്നവർക്ക് പിഴ ചുമത്തുന്നതല്ല. കഴിഞ്ഞ വർഷം ജനുവരി അവസാനമാണ് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഓൺ ലൈൻ വഴി സ്വീകരിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചത്. എങ്കിലും ഇതോടൊപ്പം തന്നെ മന്ത്രാലയം ചുമതലപ്പെടുത്തിയ സ്വകാര്യ ഏജൻസി വഴിയും ഇൻഷുറൻസ് ഫീസ് ശേഖരിച്ചിരുന്നു.എന്നാൽ കഴിഞ്ഞ മാസം 28 മുതലാണു ഇവ പൂർണ്ണമായും ഓൺലൈൻ വഴിയാക്കിയത്.ഫീസ് ശേഖരണം ഓൺ ലൈൻ ആരംഭിച്ചതുമുതൽ ജൂലൈ ആരംഭം വരെ ഒരു ദശലക്ഷത്തിലധികം ദിനാറിന്റെ ഇടപാടുകൾ പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ ഇൻഷുറൻസ് ഫീസ് ഓൺലൈൻ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം
Ismail Payyoli – Kuwait News Index Buerau