ആരോഗ്യ സ്ഥാപനങ്ങളിൽ വീഡിയോ, ഫോട്ടോഗ്രഫി എന്നിവക്ക് നിയന്ത്രണം

കുവൈത്ത് സിറ്റി: ആരോഗ്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകതയും അവയുടെ വർക്ക്ഫ്ലോ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയും ആവർത്തിച്ച് ആരോഗ്യ മന്ത്രാലയം. തുടർന്ന് ആരോഗ്യ സ്ഥപനങ്ങളിൽ വീഡിയോ, ഫോട്ടോഗ്രഫി എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും അവരുടെ മെഡിക്കൽ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനുമാണ് ഇതിലൂടെ മുൻഗണന നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. രേഖാമൂലമുള്ള അംഗീകാരം ലഭിക്കാത്ത പക്ഷം, ഏതെങ്കിലും കാരണവശാൽ രോഗിയുടെയോ പ്രാക്ടീഷണറുടെയോ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് പുതിയ നിർദേശം. വിദ്യാഭ്യാസം, ഡോക്യുമെൻ്റേഷൻ, ഗവേഷണം, ശാസ്ത്രീയ പ്രസിദ്ധീകരണം അല്ലെങ്കിൽ മെഡിക്കൽ മേഖലയിലെ അനുഭവങ്ങളോ വിവരങ്ങളോ കൈമാറുന്നതിനോ അല്ലെങ്കിൽ ആരോഗ്യ അവബോധത്തിന് വേണ്ടി യോ ഫോട്ടോകളോ വീഡിയോകളോ എടുക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.