കുവൈത്ത് സിറ്റി: പൗരത്വമില്ലാത്ത വ്യക്തികൾക്ക് അനുവദിക്കുന്ന ആർട്ടിക്കിൾ 17 പാസ്‌പോർട്ടുകൾ റദ്ദാക്കുന്നതിൽ നിന്ന് കായികതാരങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ. ഇതോടെ സ്പോർട്സ് ടീമുകൾക്ക് മുന്നിലെ പ്രതിസന്ധികൾ നീങ്ങിയതായും തടസങ്ങളില്ലാതെ കായിക പ്രവർത്തനങ്ങൾ തുടരാനും തീരുമാനമായി. സ്‌റ്റേറ്റ്‌ലെസ് വിഭാഗത്തിൽ നിന്നുള്ള കളിക്കാർക്ക് ഈജിപ്തിലെ പരിശീലന ക്യാമ്പിൽ ചേരാനും ഇതോടെ കഴിയും. ഹസൻ ഹംദാൻ, മുഹമ്മദ് ദഹം, മഷാരി ഗന്നം, മൊഹ്‌സെൻ ഫലാഹ് എന്നിവരടങ്ങുന്ന കുവൈത്ത് ദേശീയ ഫുട്‌ബോൾ ടീമിനും ഈ ഇളവ് നേരിട്ട് പ്രയോജനം ചെയ്യും. ഈ കളിക്കാർക്ക് ഇപ്പോൾ ടീമിനൊപ്പം പൂർണ്ണമായും പങ്കെടുക്കാൻ കഴിയും. ആർട്ടിക്കിൾ 17 പാസ്‌പോർട്ടുകൾ റദ്ദാക്കുന്നതിൽ നിന്ന് അത്‌ലറ്റിക് കമ്മ്യൂണിറ്റിയെ ഒഴിവാക്കുന്ന തീരുമാനം കളിക്കാർക്ക് തടസ്സമില്ലാതെ അന്താരാഷ്ട്ര തലത്തിൽ പരിശീലനവും മത്സരവും തുടരാൻ സഹായിക്കുന്നതാണ്.