ഇഗ്‌ളൂ – ബിപികെ ബാഡ്മിന്റൺ സൂപ്പർ ലീഗ് 2024 സീസൺ – 2 കിരീടം ഏരീസ് സെയിലേഴ്‌സിന്

0
118

കുവൈറ്റ് സിറ്റി: ബാഡ്മിന്റൺ പ്ലയെർസ് കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാന ബാഡ്‌മിന്റൺ ടീം ഇവന്റായ ഇഗ്‌ളൂ – ബിപികെ ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ – 2 കിരീടം ഏരീസ് കുവൈറ്റ് സെയിലേഴ്‌സ് നേടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സഹാറ വിക്ടർ ടീമിനെയാണ് അവർ തോൽപ്പിച്ചത്. നേരത്തെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ഏരീസ് കുവൈറ്റ് സെയിലേഴ്‌സ് റാപ്‌റ്റേഴ്‌സ് ടീമിനെയും, സഹാറ വിക്ടർ ടീം 5:30 യെയും തോൽപ്പിച്ചിരുന്നു. ഈ ടീമുകളെ കൂടാതെ ടസ്‌കേഴ്‌സ് & സെൻട്രൽ ഹീറോസ്, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ (ഐ സ് എ), പവർസ്‍മാഷ്, യുണൈറ്റഡ് സ്പോർട്സ് ക്ലബ് (യു സ് സി) എന്നിവരും ഈ ടൂർണമെന്റിൽ പങ്കെടുത്തു. 2 ദിവസങ്ങളിലായി അഹ്‌മദി ഐ സ്‍മാഷ് ബാഡ്‌മിന്റൺ ഇൻഡോർ കോർട്ടിൽ വെച്ചാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. ഇഗ്‌ളൂ പ്രധാന സ്പോൺസറായും, അൽമുല്ല എക്സ്ചേഞ്ച്, ഹോട് പാക്, പിറ്റ്‌സ്‌കോ എന്നിവർ കോ സ്‌പോൺസർ മാരും ആയിരുന്നു. കുവൈത്ത്, ഈജിപ്റ്റ്, ലെബനോൻ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ടൂർണമെന്റിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി അണി നിരന്നു. മത്സരങ്ങളുടെ ഇടവേളയിൽ ജാസ് ഡാൻസ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധ പിടിച്ചു പറ്റി. അതോടൊപ്പം സിബിസ്ഇ, സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പെർഫോമൻസ് കാഴ്‌ച വെച്ച വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളായ അഡിസൺ സുമേഷ്, വരുൺ ശിവ സജിത്, അരുന്ധതി നിത്യാനന്ദ്, ഒലീവിയ ജെയിംസ്, നേഹ സൂസൻ ബിജു, ശ്രുതി വാഗ്‌വാല, ലിയാൻ ഫെൻ ടിറ്റോ, ഏയ്ഞ്ചല ടോണി, അവനിക വിശ്വജിത് ദുബാൽ, അവനീത്‌ കൗർ, നിഖിത റിബല്ലോ, ജിയാന ജോസ് എന്നിവരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ബി.പി.കെ കുവൈത്തിലെ ബാഡ്മിൻ്റണിൻ്റെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ബാഡ്മിൻ്റൺ കായിക കൂട്ടായ്മയാണ്. കുവൈത്തിലുള്ള 700 -ലധികം കളിക്കാരുടെ റാങ്കിംഗ് നടത്തുകയും, പെയർ റൂളിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു. വിവിധ ക്ലബ്ബ്കൾ, ജില്ലാ അസോസിയേഷനുകൾ ഉൾപ്പടെ കുവൈത്തിൽ നടത്തപ്പെടുന്ന 90% ടൂർണ്ണമെന്റുകളിലും ബി.പി.കെ റാങ്കിങ്‌ സമ്പ്രദായവും, ടൂർണമെന്റ് കലണ്ടറും, നിയമങ്ങളും ആണ് പിന്തുടരുന്നത്. സോഫ്‌റ്റ്‌വെയറിന്റെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ടൂർണമെൻ്റ് എങ്ങനെ മാനേജ് ചെയ്യാമെന്നതിനുള്ള പിന്തുണയും നൽകുന്നു. 2022 മുതൽ 35-ലധികം ടൂർണമെൻ്റുകൾ ബി.പി.കെ മാർഗ്ഗനിർദ്ദേശങ്ങളോടെ നടത്തിയിട്ടുണ്ട്.