കുവൈത്ത് സിറ്റി: 175,000 ത്തോളം പൗരന്മാർ ബയോമെട്രിക് രജിസ്ട്രേഷൻ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റിലെ പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗ് ജനറൽ നായിഫ് അൽ മുതൈരി അറിയിച്ചു. ഏകദേശം 800,000 ത്തോളം കുവൈത്തികൾ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള രജിസ്ട്രേഷനുകൾ സുഗമമാക്കുന്നതിന് കൂടുതൽ നടപടികൾ അവതരിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നതിനാൽ പ്രക്രിയ സുഗമമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിൻ്റെ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ നടപടി. പൗരന്മാർക്ക് അവരുടെ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 ന് അവസാനിക്കും. മറ്റു താമസക്കാർക്ക് ഡിസംബർ 31 നുമാണ് സമയ പരിധി അവസാനിക്കുന്നത്. ബയോമെട്രിക് രജിസ്ട്രേഷൻ അതാത് സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.