ഇന്ത്യയുടെ ആകാശക്കോട്ടക്ക് ഇസ്രായേല്‍ മിസൈലുകള്‍ കാവലൊരുക്കും; ഐ-ഡെര്‍ബി മിസൈലുകള്‍ സജ്ജമാകുന്നു

0
26

വ്യോമസേനക്ക് കൂടുതല്‍ കരുത്തു പകരാനൊരുങ്ങി ഇന്ത്യ. ഇസ്രായേല്‍ നിര്‍മ്മിത മിസൈലുകളായ ഐ-ഡെര്‍ബി (ഇസ്രായേല്‍ ഡെര്‍ബി) രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. നിലവില്‍ ഉപയോഗിക്കുന്ന വ്യോമസേനയുടെ സുഖോയ്-30 പോര്‍വിമാനങ്ങളില്‍ ഐ-ഡെര്‍ബി മിസൈലുകള്‍ ഘടിപ്പിക്കും.

നിലവില്‍ ഏറ്റവും ആധുനികവും ഫലപ്രദവുമായ മിസൈലുകളാണ് ഐ-ഡെര്‍ബി. 100 കിലോ മീറ്ററിനപ്പുറമുള്ള വസ്തുക്കളെ വരെ ലക്ഷ്യം വെക്കാമെന്നതാണ് ഇവയുടെ ഏറ്റവും പ്രധാന സവിശേഷത. കൃത്യതയുടെ കാര്യത്തിലും ഐ-ഡെര്‍ബി മികച്ചു നില്‍ക്കുന്നു. വ്യോമസേനയുടെ കൈവശമുള്ള റഷ്യന്‍ നിര്‍മ്മിത ആര്‍-77 മിസൈലുകള്‍ക്ക് പരമാവധി 80 കിലോ മീറ്റര്‍ അകലത്തിലുള്ള ലക്ഷ്യങ്ങളെ മാത്രമേ ഉന്നം വെക്കാന്‍ സാധിക്കുകയുള്ളൂ.

ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള റഷ്യന്‍ മിസൈലുകള്‍ പലതും കാലപ്പഴക്കം ചെന്നതാണെന്നും ഐ-ഡെര്‍ബി ഉപയോഗിച്ച് ഇത് മറികടക്കാമെന്നുമാണ് വ്യോമസേന വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇന്ത്യന്‍ നേവിയുടെ സീ ഹാരിയര്‍ പോര്‍വിമാനത്തിലും തേജസ് യുദ്ധവിമാനത്തിലുമെല്ലാം ഐ-ഡെര്‍ബി ഉപയോഗിക്കാവുന്നതാണ്. 2015-ല്‍ പാരീസ് എയര്‍ ഷോയിലാണ് ഐ-ഡെര്‍ബി ആദ്യമായി അവതരിപ്പിക്കുന്നത്.