ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ യഥാർഥ ഹിന്ദുക്കൾ പ്രതിരോധിക്കും: ടി.സിദ്ദീഖ്

കുവൈറ്റ്: ന്യൂുനപക്ഷങ്ങളെ തടങ്കൽപാളയങ്ങളിൽ തള്ളി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ നടക്കുന്ന ശ്രമങ്ങളെ രാജ്യത്തെ യഥാർഥ ഹിന്ദുക്കൾ പ്രതിരോധിക്കുമെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ്. ഗോൾവാൾക്കറുടെ വിചാരധാര ഇന്ത്യയിൽ നടപ്പാക്കാനാണ് സംഘരിവാർ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യൻ തെരുവുകൾക്ക് ഈ ഭരണത്തെ തിരുത്താൻ ശക്തിയുണ്ടെന്നും കോഴിക്കോട്‌ ഡി.സി.സി പ്രസിഡൻറ് കൂടിയായ സിദ്ദീഖ് വ്യക്തമാക്കി.

കുവറൈവിൽ ഓ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമതം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. പക്ഷെ അതിനെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതമാക്കുകയാണ് സംഘപരിവാർ ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന ഒ.ഐ.സി.സി ജില്ല പ്രസിഡൻറ്​ കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ്​ വർഗീസ് പുതുക്കുളങ്ങര, കെ.എം.സി.സി നാഷനൽ പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്ത്, ഒ.ഐ.സി.സി വൈസ് പ്രസിഡൻറ്​ ഹമീദ് കേളോത്ത്, ജനറൽ സെക്രട്ടറിമാരായ ബി.എസ്. പിള്ള, ബിനു ചേമ്പാലയം എന്നിവർ സംസാരിച്ചു. ടി.കെ. ശംസുദ്ദീൻ സ്വാഗതവും ഷൗക്കത്ത് മൂച്ചുകുന്ന് നന്ദിയും
പറഞ്ഞു.