കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) കുവൈറ്റ്, 2024 സെപ്റ്റംബർ 29-ന് സൽമിയയിലെ മരിന ഹോട്ടലിൽ വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനോടൊപ്പം, കഴിഞ്ഞ രണ്ടു വർഷത്തെ കൗൺസിലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഒരു അവലോകനവും സമ്മേളനത്തിൽ നടന്നു. ചെയർമാൻ പദവിയിൽ നിന്ന് വിരമിക്കുന്ന ഗുര്‍വിന്ദർ സിംഗ് ലാംബ, തന്റെ കാലാവധിയിലെ അനുഭവങ്ങൾ പങ്കുവച്ച്, IBPC അംഗങ്ങൾക്ക് നന്ദി അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിൽ കൗൺസിലിന്റെ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. സെക്രട്ടറി പദവിയിൽ നിന്ന് വിരമിക്കുന്ന സോളി മാത്യു, കഴിഞ്ഞ രണ്ടു വർഷത്തെ കൗൺസിലിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദമായി വിശദീകരിച്ചുകൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുനിത് അറോറ, സി.എ ദീപക് ബിന്ദൽ തയ്യാറാക്കിയ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചു. അംഗങ്ങൾ ഏകകണ്ഠമായി ഈ സാമ്പത്തിക റിപ്പോർട്ട് അംഗീകരിച്ചു. IBPC പ്രോട്ടോകോൾ പ്രകാരം നിലവിലെ വൈസ് ചെയർമാൻ കൈസർ ഷാകിർ പുതിയ ചെയർമാനായും , നിലവിലെ ജോയിന്റ് സെക്രട്ടറി സുരേഷ് കെ.പി പുതിയ സെക്രട്ടറിയായും ഉയർത്തപ്പെട്ടു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ വർഷത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു. ഗൗരവ് ഒബ്റോയി വൈസ് ചെയർമാനായും, സുനിത് അറോറ ജോയിൻ്റ് സെക്രട്ടറിയായും, കൃഷ്ണൻ സൂര്യകാന്ത് ട്രഷറർആയും തിരഞ്ഞെടുക്കപെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ കൈസർ ഷാകിർ, 2024-2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ പരിചയപ്പെടുത്തി. IBPC-യുടെ ഭാവി പദ്ധതികൾ അദ്ദേഹം അവതരിച്ചു. IBPC കുവൈത്തിലെ ഇന്ത്യൻ എംബസിയുമായും മറ്റ് സംഘടനകളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അദ്ദേഹം അറിയിച്ചു. IBPC സെക്രട്ടറി സുരേഷ് കെ പി, കുവൈത്തിലെ ഇന്ത്യൻ എംബസിയും സ്ഥാനപതി ഡോ. ആദർശ് സ്വൈകയും IBPC സംരംഭങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറർ കൃഷ്ണൻ സൂര്യകാന്തിൻറെ നന്ദിപ്രസ്താവനയോടു കൂടി യോഗം സമാപിച്ചു. IBPC കുവൈറ്റ്, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഒരു ലാഭേച്ഛാരഹിത സംഘടനയാണ്, ഇന്ത്യൻ ബിസിനസുകൾക്കും പ്രൊഫഷണലുകൾക്കും ഇന്ത്യ-കുവൈത്ത് വ്യാപാര, പ്രൊഫഷണൽ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുകയാണ് ലക്ഷ്യം.