ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അതിൻ്റെ പുതിയ ലോഗോ പുറത്തിറക്കി. ഇന്ത്യാ മുന്നണിയുടെ പ്രഖ്യാപനത്തിന് ശേഷം പല രേഖകളിൽ നിന്നും ‘ ഇന്ത്യ’ എന്ന് വെട്ടിമാറ്റി ‘ഭാരത് ‘ എന്ന് മാറ്റുന്ന കേന്ദ്രസർക്കാരിന്റെ നയം ബി.എസ്.എൻ.എല്ലിന്റെ പുതിയ ലോഗോയിലും വ്യക്തമാണ്. കുങ്കുമ നിറത്തിലുള്ള ലോഗോയില്‍ കണക്ടിംഗ് ഇന്ത്യായെന്ന ആദ്യത്തെ ക്യാപ്ഷന്‍ മാറ്റി കണക്ടിംഗ് ഭാരത് എന്നാക്കുകയാണ് ചെയ്തത്. കൂടാതെ പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി കാവി നിറം കൊടുക്കുകയും ചെയ്തു. ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ലോഗോ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയിലാണ് പ്രകാശനം ചെയ്തത്. അടുത്ത വര്‍ഷം മധ്യത്തോടെ ബി.എസ്.എന്‍.എല്ലിന് 1 ലക്ഷം 4ജി സൈറ്റുകള്‍ വരുമെന്നും മന്ത്രി അറിയിച്ചു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് വരിക്കാര്‍ക്കായി പുതിയ ഏഴ് സേവനങ്ങള്‍ കൂടി ബി.എസ്.എന്‍.എല്‍ ആരംഭിച്ചു. സ്പാമുകളെയും സ്കാമുകളെയും തടയുന്ന റിയല്‍ ടൈം സ്പാം ഫ്രീ നെറ്റ് വര്‍ക്ക്, ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഏത് ബി.എസ്.എന്‍.എല്‍ എഫ്.ടി.ടി.എച്ച് വൈഫൈ നെറ്റ് വര്‍ക്കിലും കണക്ട് ചെയ്യാവുന്ന വൈ ഫൈ റോമിംഗ് സേവനം, എഫ്.ടി.ടി.എച്ച് ഫൈബര്‍ ഇന്റര്‍നെറ്റ് വഴി 500 പ്രീമിയം ടി.വി ചാനലുകള്‍ ലഭിക്കുന്ന ലൈവ് ടി.വി എന്നിവ പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടും.