ഇ-തപാൽ വോട്ടിന്റെ ആദ്യ ഘട്ടത്തിൽ ഗൾഫ് പ്രവാസികളെ പരിഗണിക്കില്ല

0
30

ന്യൂഡൽഹി : ഇ-തപാൽ വോട്ടിന്റെ ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ പരിഗണിക്കില്ല. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ജപ്പാൻ, ഓസ്ട്രേലിയ, ജർമ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾക്കാകും ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കുക.
തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം അല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇ-തപാൽ വോട്ട് അനുവദിക്കാത്തത് എന്നാണ് സൂചന.
ഫ്രാൻസ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കും ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിച്ചേക്കും.
ഇ- തപാൽ വോട്ട് നടപ്പിലാക്കുന്നതിനുള്ള കരട് മാർഗ്ഗരേഖ സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മിഷനും വിദേശ കാര്യാ മന്ത്രാലയവും ചർച്ച നടത്തി . ഇന്ത്യൻ എംബസ്സിയിലെ ചുമലതപ്പെട്ട ഉദ്യോഗസ്ഥൻ ബാലറ്റ് ഡൗൺ ലോഡ് ചെയ്ത് വോട്ടർക്ക് നൽകണമെന്ന നിർദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നത്. വോട്ട് രേഖപെടുത്തിയ ശേഷം മുദ്ര വച്ച കവറിൽ ബാലറ്റ് തിരികെ എംബസിക്ക് കൈമാറണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോടെ ബാലറ്റിനൊപ്പം കൈമാറണമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ബാലറ്റ് തുടർന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എംബസ്സി അയച്ചു നൽകും.
കേരളം ഉൾപ്പടെയുള്ള നിയമസഭാ തെരെഞ്ഞുടുപ്പുകളിൽ ഇ- തപാൽ വോട്ട് സംവിധാനം ഏർപെടുത്താൻ സാങ്കേതികപരമായും ഭരണപരമായും തയ്യാറാണെന്ന് കമ്മിഷൻ അറിയിച്ചു. ഇ- തപാൽ വോട്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ തെരെഞ്ഞെടുപ്പ് കമ്മീഷൻ എംബസികളിൽ ഉറപ്പ് വരുത്തണം എന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
2014-ൽ വ്യവസായിയും മലയാളിയുമായ ഡോ. ഷംസീർ വയലിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജി ആണ് പ്രവാസി വോട്ട് യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.