കുവൈറ്റ് സിറ്റി : ഉംറ നിർവഹിക്കുന്നതിനോ പ്രവാചകൻ്റെ മസ്ജിദ് സന്ദർശിക്കുന്നതിനോ ഉള്ള യാത്രക്കാർക്ക് ആരോഗ്യ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. ഒരു വയസോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികളും എല്ലാ മുതിർന്നവരും ക്വാഡ്രിവാലൻ്റ് നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിൻ (ACYW-135) സ്വീകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും വാക്സിൻ നൽകിയിരുന്നുവെന്ന് തെളിയിക്കുന്ന ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പോളിസാക്രറൈഡ് വാക്‌സിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് മൂന്ന് വർഷത്തേക്കോ സംയോജിത വാക്‌സിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അഞ്ച് വർഷത്തേക്കോ സാധുത ഉണ്ടായിരിക്കും. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ കുവൈറ്റിലെ എല്ലാ പ്രിവൻ്റീവ് ഹെൽത്ത് സെൻ്ററുകളിലും ട്രാവൽ ക്ലിനിക്കുകളിലും വാക്സിൻ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.