കുവൈറ്റ് സിറ്റി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം മാറുന്ന കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചികയെന്ന് ഡോ: സെബാസ്റ്റ്യൻ പോൾ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ഒക്ടോബർ അനുസ്മരണം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാരിന്റെ വികസന- ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലം. കേരള ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാരിന് തുടർഭരണം സാധ്യമാകുന്ന സാഹചര്യമാണ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്തിന്റെ അധ്യക്ഷതയിൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ച് നടന്ന പരിപാടിക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ.സൈജു സ്വാഗതം പറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വയലാര്‍ രാമ വര്‍മ്മ, ചെറുകാട്, കെ.എന്‍. എഴുത്തച്ഛന്‍, ജോസഫ് മുണ്ടശ്ശേരി എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ കുറിപ്പ് കല കുവൈറ്റ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറ്കടർ എൻ.അജിത് കുമാർ ആശംസ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് സംഘടിപ്പിച്ച സാഹിത്യോത്സവം പരിപാടിയിൽ കഥാരചന, കവിതാരചന, ഉപന്യാസം, കവിതാ പാരായണം എന്നീ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച് മുഖ്യാതിഥി നിർവ്വഹിച്ചു. കുവൈറ്റ് പ്രവാസി ജീവിതം മതിയാക്കി യാത്രയാകുന്ന അബ്ബാസിയ മേഖലാ എക്സിക്യൂട്ടീവംഗം വിജീഷ്.യു.പി, ജലീബ് ഈസ്റ്റ് യൂണിറ്റ് കൺവീനർ പ്രസാദ് എന്നിവർക്കുള്ള കല കുവൈറ്റിന്റെ സ്‌നേഹോപഹാരം മുഖ്യാതിഥി കൈമാറി. സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്‌ണൻ ചടങ്ങിൽ സംബന്ധിച്ചു. കല കുവൈറ്റ് ജോ:സെക്രട്ടറി രജീഷ് സി.നായർപരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
കല കുവൈറ്റ് അംഗങ്ങളുടെ വിപ്ലവ-നാടക ഗാനങ്ങളുടെ അവതരണവും പരിപാടിയിൽ ഒരുക്കിയിരുന്നു. കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റിന്റെ നാല് മേഖലകളിൽ നിന്നും, കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.