ആട് എനിക്ക് ഏറെ പ്രിയപ്പെട്ട ഒരുജീവിയാണ്.
പ്രവാചകൻമാരുടെ നിഴലൊട്ടി നടന്നത് കൊണ്ട്മാത്രമല്ല,
എന്റെ ഉമ്മയ്ക്കവയെ ഏറെ പ്രിയപ്പെട്ടതായിരുന്നു എന്നത് കൊണ്ട് കൂടിയാണ്.
ഉമ്മയ്ക്ക് ഒരു കറുത്ത പെണ്ണാട് ഉണ്ടായിരുന്നു.സിൽക്ക് സ്മിതയുടെ കണ്ണുകളാലും ,ജയഭാരതിയുടെ അന്നനടയാലും സുന്ദരിയായവൾ.
അവൾക്ക് മഹാ വികൃതികളായ രണ്ടു കുട്ടന്മാരും.
ഒരിടത്തും അടങ്ങിയിരിക്കാൻ കൂട്ടാക്കാത്ത രണ്ടു കുട്ടന്മാർ ഉമ്മയ്ക്ക് എന്നും ഒരു തല വേദനയായിരുന്നു.
അന്നേരം എല്ലാം ഉമ്മ പഴി പറയുക.ഉമ്മയുടെ പുന്നാരയായ കറുത്താടി നെയല്ല,കുട്ടന്മാരുടെ പിതാജിയായ മൂസനാടിനെയാണ്.
“അയ്നു രണ്ടിനും അയിന്റെ ഉപ്പാന്റെ സ്വഭാവം തന്നെ,നാട് തെണ്ടലെന്നെ പണി “
മൂസനാടിനു ഒരു സൂഫിയുടെ ശരീരഭാഷയായിരുന്നു.
നീണ്ടിടതൂർന്ന വെളുത്ത താടി,മുഷിഞ്ഞ കോലം,ചെടിപ്പിക്കുന്ന വാസന.
കഴുത്തിൽ തൂങ്ങി കിടക്കുന്ന ഒരു പാക്ക്,അതിൽ നിറയെ ഉള്ളാൾത്തെ ദർഗയിലേക്കുള്ള നേർച്ച പൈസ.
എവിടെ നിന്നാണ് വരുന്നതെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ആണ്ടു നേർച്ചയുടെ ദിവസം കൃത്യമായി മൂസനാടുകൾ ഉള്ളാളം ദർഗയിൽ എത്തുമായിരുന്നു.
അതിന് പിന്നിലെ രഹസ്യം പിടികിട്ടിയതുമില്ല
പണ്ട്,
വളരെ പണ്ട്.
ഉള്ളാളം ദർഗയിലേക്ക് ഉഴിഞ്ഞിട്ട ആടുകൾ നേർച്ച പിരിവിനായി നാടുകളിൽ അലഞ്ഞു തുടങ്ങിയ കാലം.
ബസുകളും,കാറുകളും കൊണ്ട് നിരത്തു നിറയാത്ത കാലം.കൽക്കരി വണ്ടികൾ തീ തുപ്പിയോടിയ കാലം.
തീവണ്ടി യാത്രക്കാർക്കിടയിൽ അലഞ്ഞു നടക്കുന്ന മൂസനാടിനെ കണ്ടു ദേഷ്യം തോന്നിയ ടി.ടി. ആന്റണി സർ,ആടിനെ വണ്ടിയിൽ നിന്നും ഇറക്കി വിട്ടു.
കുമ്പള സ്റ്റേഷൻ മാസ്റ്റർ മൂടിത്തായ ടി.ടി യോട് അത് ചെയ്യരുതെന്ന് ആവർത്തിച്ചു.
തീവണ്ടിയിൽ യാത്രക്കാർക്ക് തന്നെ നിൽക്കാൻ ഇടമില്ലാത്ത നേരത്ത് ഈ നാറ്റമുള്ള ആടിനെ ഇറക്കി വിട്ടാൽ എന്തെന്ന് ആന്റണി സാർ.
വണ്ടിയിൽ ആളുകളുടെ കയറ്റിറക്കം കഴിഞ്ഞു.
തിരസ്‌കൃതന്റെ മുഖവും പേറി മൂസനാട് സ്റ്റേഷന് പുറത്തേക്ക് ചുവടു വെച്ചു.
സ്റ്റേഷൻ മാസ്റ്റർ വിസിൽ വിളിച്ചു പച്ചക്കൊടി കാട്ടി എഞ്ചിൻ ഡ്രൈവർക്ക് സിഗ്നൽ കൊടുത്തു.ഗാർഡ് രാമൻ സാറും പച്ച സിഗ്നൽ കാട്ടി.ഡ്രൈവർ വണ്ടിയുടെ എയർ ബ്രേക്ക് റിലീസ് ചെയ്തു മുന്നോട്ടു നീങ്ങാൻ ശ്രമിച്ചെങ്കിലും,നിട്ടാന്തരങ്ങളുടെ ആ ഉച്ചയിൽ ഒരു അടി മുന്നോട്ട് നീങ്ങാൻ ആവാതെ റെയിൽ വഴിയിൽ കിടന്നു തീവണ്ടി കിതച്ചു.
പഠിച്ച പണി പതിനെട്ടും പയറ്റിയിയിട്ടും വണ്ടി അനങ്ങിയില്ല.നിസ്സഹായതയുടെ കൈ മലർത്തിയ ഡ്രൈവറോട് മൂടിത്തായ പറഞ്ഞു.
“ശൈക്കന്മാരുടെ നിട്ടാന്തരം,
ഞാൻ അപ്പഴേ പറഞ്ഞതാ,
ഉള്ളാൾത്തേക്ക് പോകുന്ന മൂസനാടിനെ ഇറക്കി വിടേണ്ടെന്ന്,
പറഞ്ഞ കേൾക്കണ്ടേ “
ഇറക്കി വിട്ട ശൈക്കന്മാരുടെ ആടിനെ തിരികെ കയറ്റിയാൽ മാത്രമേ വണ്ടി മുന്നോട്ടു നീങ്ങുവെന്ന പോർട്ടർ കുഞ്ഞാലിയുടെ വാക്കിൽ ആന്റണി സാറിന് ഹാലിളകി.
അതിനിടയിൽ പോർട്ടർ അംബട്ടൻ ആടിനെ തിരഞ്ഞു പിടിച്ചു വണ്ടിയിലേക്ക് ആനയിച്ചു.
അതിന്റെ മുതുകിൽ തലോടി അറിയാ പൈതങ്ങളുടെ തെറ്റ് പൊറുക്കണമെന്ന് കേണ് പറഞ്ഞു.
മൂസനാട് പതിയെ കമ്പാർട്മെന്റിലേക്ക് നടന്നുകയറി.
യാത്രക്കാരെല്ലാം എഴുന്നേറ്റ് നിന്ന് ബഹുമാനം അറിയിച്ചു..ആട് കയറിയതോടെ വണ്ടി നീങ്ങി തുടങ്ങി.
സ്റ്റേഷന് മേൽ പരന്ന് കിടന്ന ഇലഞ്ഞി മരം ആ അത്ഭുതം കണ്ടു കാലം തെറ്റി പൂത്തുലഞ്ഞു.
വിരുന്നു വരുന്ന പുതിയാപ്പിളക്ക് ഭാര്യ വീട്ടിൽ കിട്ടുന്ന സ്വീകരണമായിരുന്നു മൂസനാടിന്
നൽകിയിരുന്നത്.
ശൈക്കന്മാരോടുള്ള ബഹുമാനം ആയിരിക്കണം അത്തരം ഒരു പരിഗണനയ്ക്ക് പിന്നിൽ.
ഇലഞ്ഞി തണലിൽ നിന്നും തലയെടുപ്പോടെ മൂസനാട് വീട്ടുതൊടിയിലേക്ക് നടന്നു വന്നു.ചായ്‌പ്പിന് കീഴിലെ തണലിൽ ചമ്രം പടിഞ്ഞിരുന്നു.കാടിവെള്ളത്തിൽ കടലപ്പിണ്ണാക്ക് കലക്കിയതും,മുന്നോളം ചെറു പഴവും ഉമ്മ മൂസനാടിനു മുമ്പിൽ നിരത്തി വെച്ചു.
നേർച്ചക്കടങ്ങൾ ഉള്ള വീടുകളിൽ ആണ് മുസനാട് വിരുന്നെത്തുക.
രോഗശമനത്തിന് ഹോമിയോ ആസ്പത്രിയിലെ മധുരഗുളികയും,ശൈ ക്കന്മാർക്കുള്ള നേർച്ചയും മാത്രമുള്ള ഒരു കാലമായിരുന്നു അത്.
എല്ലാ വീട്ടിലും കയറി ഇറങ്ങുമെങ്കിലും എല്ലായിടത്തും നിന്നും വെള്ളം കുടിക്കാനോ വിശ്രമിക്കാനോ മൂസനാട് താല്പര്യം കാട്ടാറില്ല.
ശൈകന്മാർക്ക് പ്രിയപ്പെട്ടവരുടെ വീടുകളിൽ നിന്ന് മാത്രമേ മൂസനാട് വെള്ളം കുടിച്ചിരുന്നുള്ളു.
ഞങ്ങളുടെ വീട്ടിൽ എത്തിയാൽ ഒന്ന് രണ്ടു ദിവസം തങ്ങിയേ മൂസനാട് പടിയിറങ്ങിയിരുന്നുള്ളു.
ഉമ്മയുടെ സുന്ദരിയായ കറുത്താടിനോടുള്ള പ്രണയമായിരിക്കണം
വെള്ളം കുടിയും വിശ്രമവും കഴിഞ്ഞു പുയ്യാപ്ല പതിയെ അടുക്കളയ്ക്ക് പിറകിലേക്ക് നടക്കും.കറുത്ത സുന്ദരിക്ക് ചുറ്റും പ്രണയപൂർവ്വം കറങ്ങും.മൂസനാടിന്റ അറപ്പിക്കുന്ന മണം ഉമ്മയുടെ സുന്ദരിക്ക് ഇഷ്ടമല്ലായിരുന്നു.അവൾ കഴുത്തു ചരിച്ചു നീരസം കാട്ടും.അന്നേരങ്ങളിൽ മൂസനാടിനു വെറിളി പിടിക്കും.
ഒടുവിൽ അടുക്കളക്കാരി പെൺകുട്ടി മൂസനാടിനെ കിണറ്റിൻ കരയിൽ കൊണ്ടു പോയി നാല് കുടം വെള്ളം കോരി ഒഴിക്കും.ഒന്നും മിണ്ടാതെ ജലധാരയിൽ അവൻ നിൽക്കും. നടന്നു വന്ന വഴികളിൽ അവൻ താണ്ടിയ ഭോഗത്തിന്റെ ഓർമ്മകൾ ആ ജലധാരയിൽ ഒലിച്ചു പോകും.
ശരീരം കുടഞ്ഞു അവൻ കറുത്ത സുന്ദരിക്കടുത്തേക്ക് നീങ്ങും.അത്തരമൊരു വിരുന്നു വന്നതിന്റെ സമ്മാനങ്ങൾ ആയിരുന്നു ആ വികൃതികൾ
വില്ലേജ് ഓഫിസിന് എതിർവശത്തായിരുന്നു ദോഡ്ഢി.അത് മൃഗങ്ങളുടെ ജയിൽ ആയിരുന്നു.പഴയ ബ്രിട്ടീഷ് രാജിന്റെ ബാക്കി പത്രം.അലഞ്ഞു തിരിയുന്ന മൃഗങ്ങളെയും,ആരാന്റെ വളപ്പിൽ അതിക്രമിച്ചു കയറുന്ന പോക്കിരികളെയും പിടിച്ചു കൊണ്ട് പോയി ദോഡ്ഢിയിലാക്കും.
അതിന് ഉയരത്തിൽ ഉള്ള മതിലും, മുള്ളു വേലി കൊണ്ടുള്ള ഗേറ്റും ഉണ്ടായിരുന്നു.അതിന്റെ താക്കോൽ സൂക്ഷിക്കുക വില്ലേജ് ഓഫീസിൽ ആയിരുന്നു.ദോഡ്ഢിയിൽ നിന്നും കുറ്റവാളികളെ ഇറക്കണമെങ്കിൽ ഗവണ്മെന്റ് നിശ്ചയിച്ച ഒരു ഫീസ് അടക്കണം .ഒപ്പം മൃഗങ്ങളെ കൊണ്ട് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാവില്ലെന്ന് സത്യവാങ് നൽകണം.അതായിരുന്നു നിയമം.
വീട്ടിലെ ഗജ പോക്കിരികൾ രണ്ടിൽ കൂടുതൽ തവണ അകത്തു കിടന്നത്തോടെ രണ്ടിനെയും ഉമ്മ നാട് കടത്തി.അതിനു പിന്നെ മൂന്നാം ദിനം ഉമ്മയുടെ കറുത്ത സുന്ദരിയെ കാണാതായി.നാട് മുഴുവൻ തിരഞ്ഞിട്ടും അവളെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
മൂസനാടിന്റെ ഓർമ്മകൾക്കൊപ്പം അവൾ ഇറങ്ങി പ്പോയതായിരിക്കാമെന്ന് ഉമ്മ ആശ്വസിച്ചു.അവൾക്കായ് പണിത മൺകൂട് അതിനടുത്ത പെരുമഴയിൽ നിലം പൊത്തി.
അതിൽ പിന്നെ നേർച്ചക്കടം തേടി ഒരു മൂസനാടും ആ വഴി വന്നതുമില്ല.
All reactions:
Hanif Palayi, Rafeeq Ammanath and 101 others