കോഴിക്കോട്: കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. താൻ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ താൻ എംഎൽഎമാരുടെ യോഗത്തിൽ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിചിരുന്നു. എന്നാൽ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല, പറഞ്ഞതിൽ നിന്ന് ഒരടി പുറകോട്ട് പോയിട്ടുമില്ലയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
എംഎൽഎമാർക്ക് സ്വന്തം മണ്ഡലത്തിലെ കരാറുകാരടക്കം നേരിടുന്ന പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താം. കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ് എന്നാൽ ചെറിയ രീതിയിൽ പ്രശ്നക്കാരുണ്ട്. ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ നിലപാടും നയവുമാണ് മന്ത്രി എന്ന നിലയിൽ നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.