എംപിമാർക്കും ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്കും മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകിയേക്കും

0
23

കുവൈത്ത്‌ സിറ്റി : പുതിയ മന്ത്രിസഭയിൽ കൂടുതൽ പാർലമന്റ്‌ അംഗങ്ങൾക്ക്‌ പ്രാതിനിധ്യം നൽകിയേക്കും. പ്രമുഖ ഗോത്ര വർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ഷീഈ വിഭാഗത്തിൽ നിന്നുള്ളവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയേക്കും.നിലവിലെ 15 അംഗ മന്ത്രിസഭയിൽ ചുരുങ്ങിയത്‌ 8 പേരെങ്കിലും മാറ്റപ്പെടുമെന്നാണു സൂചന. വിദ്യാഭ്യാസം, വാണിജ്യ വ്യവസായം, സാമൂഹിക ക്ഷേമം, വാർത്താ വിതരണം,ഗതാഗതം മുതലായവകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയമിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിൽ രാജ കുടുംബത്തിൽ നിന്നുള്ള വ്യക്തിയെ തന്നെ നിയമിക്കുമെന്നാണു ഇതിൽ ഏറ്റവും പ്രധാനം. രാജ കുടുംബത്തിൽ നിന്ന് പുറത്തുള്ള രാജ്യത്തെ ആദ്യ ആഭ്യന്തര മന്ത്രിയായ അനസ്‌ അൽ സാലെഹ്‌ക്ക്‌ ഇതോടെ തൽസ്ഥാനം നഷ്ടമായേക്കും. എന്നാൽ കഴിഞ്ഞ മന്ത്രി സഭയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച അദ്ദേഹത്തെ ഉപപ്രധാന മന്ത്രി പദവിയിൽ നില നിർത്തി കൊണ്ട്‌ സുപ്രധാനമായ മറ്റു വകുപ്പുകൾ നൽകിയേക്കും. വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നാസർ അൽ സബാഹ്‌ ആരോഗ്യമന്ത്രി ബാസിൽ അൽ ഹമൂദ്‌ അൽ സബാഹ്‌ എന്നിവർ അതേ വകുപ്പുകളിൽ മന്ത്രി സഭയിൽ തുടരുമെന്നും വ്യക്തമായിട്ടുണ്ട്‌.പുതിയ മന്ത്രിമാരുടെ പട്ടിക ഞായറാഴ്ചയോ അല്ലെങ്കിൽ തിങ്കളാഴ്ച കാലത്തോ പ്രഖ്യാപിക്കും.പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം ചൊവ്വാഴ്ച ചേരുന്നതിനാൽ ഇതിനു മുമ്പായി മന്ത്രിമാരുടെ പട്ടിക അമീറിനു സമർപ്പിക്കണം.