എം ടി വിടവാങ്ങി; ആദരാഞ്ജലികളോടെ കല കുവൈറ്റ്‌

0
10

കുവൈറ്റ്‌സിറ്റി: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ എം ടി വാസുദേവൻ നായർ വിടവാങ്ങി, ആദരാഞ്ജലികളോടെ കല കുവൈറ്റ്‌. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. പത്മഭൂഷൺ,ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം,ജെസി ഡാനിയൽ പുരസ്കാരം,പ്രഥമ കേരള ജ്യോതി പുരസ്കാരം,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങൾ ലഭിച്ച ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധനേടിയ അതുല്യ പ്രതിഭയായിരുന്നു എം ടി വാസുദേൻ നായർ. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും. കേരളത്തിന് നികത്താനാകാത്ത നഷ്ടമായ എം ടിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.