കുവൈത്ത് സിറ്റി : പ്രശസ്ത മാപ്പിള പാട്ടു ഗായകനും കേരള ഫോള്‍ക്‌ലോര്‍ അക്കാദമി ചെയര്‍മാനുമായ എരഞ്ഞോളി മൂസയുടെ മരണത്തില്‍ മാപ്പിള കലാവേദി കുവൈത്ത് അനുശോചിച്ചു.മാപ്പിളപ്പാട്ടിലൂ ടെ സംഗീത ലോകത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു എരഞ്ഞോളി മൂസ. സമൂഹ മാധ്യമങ്ങളില്‍ തലമുറകള്‍ പിന്നിട്ട് ഇന്നും ഹിറ്റായ മാണിക്യമലരായ പൂവ് ഓഡിയോ കാസ്സറ്റിലൂടെ ആദ്യമായി പാടിയത് മൂസക്കയായിരുന്നു.മിഅറാജ് രാവിലെ കാറ്റെ, കെട്ടുകള്‍ മൂന്നും കെട്ടി, മിസ്‌റിലെ രാജന്‍ തുടങ്ങിയ പാട്ടുകള്‍ സംഗീത പ്രേമികളുടെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകളാണ്. ഗള്‍ഫിലും നാട്ടിലുമായി ആയിരക്കണക്കിന് സ്റ്റേജ് പരിപാടികളിലൂടെ മാപ്പിള പാട്ടിനെ ജനകീയമാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ച മൂസക്കയുടെ നഷ്ടം സംഗീത ലോകത്ത് തീരാ നഷ്ടമായിരിക്കുമെന്ന് കലാവേദി അഭിപ്രായപ്പെട്ടു.