കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‌ലാഹി സെൻറർ അഹ് മദി ഏരിയ എം.ജി.എം, മദ്രസ്സ പാരൻസ് എന്നിവരുടെ സഹകരണത്തോടെ അഹ് മദി മേഖല ഇഫ്ത്വാർ സംഘടിപ്പിച്ചു. തിരുവനന്തപ്പുരം ജില്ല മുതൽ കാസർക്കോട് ജില്ല വരെയുള്ള വിവിധ കുടുംബങ്ങളും യുവാക്കളും പങ്കെടുത്ത മേഖല ഇഫ്ത്വാർ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി മാറി. കുടുംബ ബന്ധങ്ങളുടെ മഹത്വം എന്ന വിഷയത്തിൽ പ്രസിദ്ധ പ്രഭാഷകനും ഖുറാൻ പണ്ഡിതനുമായ നൗഷാദ് മദനി കാക്കവയൽ മുഖ്യപ്രഭാഷണം സംഗമത്തിന് മിഴികേകി. കുടുംബ ബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ നിർണായകമാണെന്നും, കുടുംബങ്ങളിൽ ഉഷ്മളത നില നിർത്താൻ കുടുംബ സന്ദർശനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്നേഹം, പരസ്പര ബഹുമാനം, കരുതൽ എന്നിവ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് – നൌഷാദ് കാക്കവയൽ പറഞ്ഞു.
ഐ.ഐ.സി അഹ് മദി മേഖല ഇഫ്ത്വാർ ശ്രദ്ധേയമായി മാറുന്നു. വനിതകൾ വീടുകളിൽ പ്രത്യേകം തയ്യാറാക്കി കൊണ്ട് വന്ന കേരളത്തിലെ വിവിധ ജില്ലകളിലെ വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളുമായി നടത്തുന്ന ഇഫ്തത്വാർ സംഗമം ഇത് നാലാം വർഷം പിന്നിടുകയാണ്. മുന്നൂറിൽ പരം പേർക്കാണ് ഇഫ്ത്വാർ വിരുന്ന് ഒരുക്കിയത്. ചെറിയ ബോക്സിൽ ഇഫ്ത്വാറിനുള്ള ഫ്രൂട്സും പൊരിക്കടികളും നൽകി. മഗ് രിബ് നമസ്കാര ശേഷം ബൊഫെ രൂപത്തിൽ ഭക്ഷണവും ഏർപ്പാട് ചെയ്തു.
സംഗമത്തിൽ ഐ.ഐ.സി കേന്ദ്ര സെക്രട്ടറി അബ്ദുന്നാസർ മുട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി, സെക്രട്ടറി ശാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. മിശാൽ മുഹമ്മദ് ഖിറാഅത്ത് നടത്തി. ബിൻസീർ പുറങ്ങ് മഗ് രിബ് ബാങ്ക് കൊടുത്തു. ശൈഖ് ത്വൻത്വാവി ബുയൂമി അശീശ്, അബൂബക്കർ സിദ്ധീഖ് മദനി, അബ്ദുറഹിമാൻ പൊന്നാനി എന്നിവർ പങ്കെടുത്തു.