‘ഒരു മുസ്ലിമും ഭയക്കേണ്ടതില്ല: നജീബ് മൂടാടി

0
17

‘ഒരു മുസ്ലിമും ഭയക്കേണ്ടതില്ല
ഇവിടെ ജനിച്ചു വളർന്ന ഏതെങ്കിലും ഒരു മുസൽമാന് പൗരത്വം നിഷേധിക്കുകയാണെങ്കിൽ കൂടെ ഞാനുണ്ടാവും’ എന്ന മട്ടിലൊരു പഞ്ച് ഡയലോഗ് മൂത്ത സംഘികൾ മുതൽ മൃദുസംഘികൾ വരെ സോഷ്യൽ മീഡിയയിലൂടെ മുസ്ലിംകളെ വല്ലാതെ ആശ്വസിപ്പിക്കുന്നുണ്ട്.
ഏതായാലും ഈ ആശ്വാസ വചനങ്ങൾ കേട്ട് ജനാധിപത്യ സ്നേഹികൾ പ്രക്ഷോഭങ്ങൾ അവസാനിപ്പിച്ച് വീട്ടിൽ പോയി ഇരിക്കും എന്ന് ആരും വ്യാമോഹിക്കണ്ട. കാരണം പറയുന്ന വാക്കിന് വിരുദ്ധമായ പ്രവർത്തികൾ മാത്രമാണ് സംഘപരിവാർ ശീലമെന്ന് ബോധമുള്ള എല്ലാവർക്കും അറിയാം.

ഗാന്ധിവധത്തിന് പിന്നിൽ തങ്ങളല്ലാ എന്ന് നിരന്തരം പറയുമ്പോഴും ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെ ഇന്നും സംഘപരിവാറിന്റെ ആരാധ്യപുരുഷനാണ് എന്നത് പച്ചയായ ഒരു യാഥാർഥ്യം മാത്രമാണ്.

പ്രതീകാത്മക കർസേവ മാത്രമേ നടത്തൂ എന്ന് ഭരണകൂടത്തെയും പൊതുജനങ്ങളെയും വിശ്വസിപ്പിച്ച നിങ്ങളാണ് ഒറ്റ ദിവസം കൊണ്ട് കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതെ നൂറ്റാണ്ടുകളായി മുസ്ലിംകൾ ആരാധന നടത്തിയ
ബാബരി മസ്ജിദ് തകർത്തു കളഞ്ഞത്.

ഇഹ്‌സാൻ ജാഫ്രി എന്ന ജനപ്രതിനിധിയെ ഒന്നും സംഭവിക്കില്ല എന്ന ധൈര്യം നൽകിയാണ് ഗുജറാത്തിൽ നിങ്ങൾ നിഷ്‌ഠൂരമായി കൊന്നത്.

വിദേശ ബാങ്കുകളിൽ ഉള്ള കള്ളപ്പണം മുഴുവൻ തിരികെ കൊണ്ടുവരും എന്ന വാഗ്ദാനം നൽകി അധികാരത്തിൽ വന്ന നിങ്ങളുടെ ഭരണ കാലത്താണ് നിങ്ങളുടെ എം പി ആയിരുന്ന വിജയ് മല്യയും ഇഷ്ടക്കാരനായ നീരവ് മോദിയും അടക്കമുള്ളവർ ഈ നാട്ടിലെ ബാങ്കുകളിൽ ഉള്ള പണവുമായി വിദേശത്തു പോയി സുഖവാസം നടത്തുന്നത്.

നോട്ടുനിരോധനം നടത്തിയപ്പോൾ നിങ്ങൾ പറഞ്ഞ കള്ളപ്പണത്തിന്റെ കണക്കുകൾ കേട്ട് വിജ്രംഭിച്ചു പോയവരുണ്ട്. ഒടുവിൽ മുഴുവൻ നോട്ടും തിരിച്ചുവന്നപ്പോഴും കള്ളപ്പണം മാത്രം കണ്ടിട്ടില്ല.

വാക്കും പ്രവർത്തിയും തമ്മിലുള്ള നിങ്ങളുടെ അന്തരത്തിൽ യാതൊരു അത്ഭുതവും ഇല്ല. ഹൈന്ദവത പറഞ്ഞു വർഗ്ഗീയമായി മനുഷ്യരെ ഭിന്നിപ്പിക്കുമ്പോഴും വ്യക്തി ജീവിതത്തിൽ മത നിഷ്ഠകളോ വിശ്വാസമോ പുലർത്താത്ത,
ബ്രിട്ടീഷ് സർക്കാരിന് എതിരെ സമരം നടത്തുകയും ഇതിന്റെ പേരിൽ ആന്തമാൻ ജയിലിൽ അടക്കപ്പെട്ടപ്പോൾ ‘താനൊരു ധാരാളിയായ മകനാണ്, തനിക്ക് മാപ്പ് നൽകണം , ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിതൃതുല്യമായ വാതിലുകളിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ട്’ എന്ന് മാപ്പപേക്ഷ എഴുതിക്കൊടുത്ത സവർക്കർ ആണ് നിങ്ങളുടെ നേതാവ്.

ഹിന്ദുമതത്തിന്റെ വക്താക്കൾ ആയി ചമയുമ്പോഴും
ഹൈന്ദവ ധർമ്മങ്ങൾ അല്ല, സവർകറുടെ Essentials of Hindutva യും ഗോൾവാൾ ക്കറുടെ we or Our nationhood Defined ഉം ‘വിചാരധാര’യുമാണ് സംഘപരിവാറിനെ നയിക്കുന്നത്.

അതുകൊണ്ട് തന്നെ
പ്രാവിനും പരുന്തിനും ഒരുപോലെ നീതി നൽകാൻ സ്വന്തം ശരീരം മുറിച്ചു നൽകിയ ഭരതചക്രവർത്തി ശിബിയുടെ പാരമ്പര്യം അഭിനവഭാരത ചക്രവർത്തിമാരിൽ നിന്നോ അവരുടെ സംഘടനയിൽ നിന്നോ പ്രതീക്ഷിക്കുന്നില്ല.

ഭാരതത്തെ സംഘിസ്ഥാനാക്കി മാറ്റാനുള്ള ശ്രമങ്ങളെ ജനാധിപത്യബോധമുള്ള ഓരോ ഇന്ത്യൻ പൗരനും ജാഗ്രതയോടെ കാണും. പ്രതിരോധിക്കും. ഈ പ്രതിഷേധങ്ങളെ ‘നിങ്ങൾക്കെന്തെങ്കിലും പറ്റിയാൽ കൂടെ ഞങ്ങളും ഉണ്ടാവും’ എന്ന പഞ്ചാരവാക്ക് കൊണ്ട് അടക്കി നിർത്താം എന്ന് കരുതണ്ട.

ഇത്‌ ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഭാരതത്തിന്റെ മതേതരബോധത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന വിഷയമാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ സമരത്തിൽ ഉണ്ടാവും. സംഘികളുടെ വാക്ക് വിശ്വസിച്ചു കൊണ്ട് പ്രതിഷേധങ്ങളിൽ നിന്ന് ആരും പിന്നോട്ട് പോകില്ല. വിശ്വാസ്യത ഇല്ലാത്ത കൂട്ടരാണ് നിങ്ങളെന്ന് ഇതുവരെയുള്ള ചരിത്രം തെളിയിച്ചു കഴിഞ്ഞതാണ്. ഇനിയും പഞ്ചാര വർത്തമാനവുമായി വരരുത്.