കുവൈത്ത് സിറ്റി: പൊന്നോണത്തെ വരവേൽക്കാൻ കുവൈത്ത് പ്രവാസി സമൂഹം ഒരുങ്ങുമ്പോൾ പഴം, പച്ചക്കറി തുടങ്ങി അവശ്യ സാധനങ്ങൾ വാങ്ങാൻ രാജ്യത്തെ എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും തിരക്കോട് തിരക്ക്. തിരുവോണ ദിനമായ ഞായറാഴ്ച തന്നെ നബി ദിനവും എത്തിയതോടെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കൂടുതൽ ആളുകളും വീട്ടിൽ തന്നെ ഓണം ഒരുക്കാൻ തയാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ലുലു ഉൾപ്പടെ എല്ലാ ഹൈപ്പർ മാർക്കറ്റിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണം പ്രമാണിച്ച് ലുലു പ്രൊമോഷനുകൾ അവതരിപ്പിച്ചതോടെ വമ്പിച്ച തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഓണസദ്യയുടെ കിറ്റുകൾ മുതൽ പൂക്കളമൊരുക്കാനുള്ള പൂക്കൾ വരെ ഇവിടെ ലഭ്യമാണ്. വെള്ളിയാഴ്ചകളിൽ സംഘടനകളും ഓണപ്പരിപാടികൾ നടത്താൻ നിശ്ചയിച്ചതോടെ ഹോട്ടലുകളിൽ പോലും തിരക്കാണ്. ഓണം ലോക മലയാളികൾക്കിടയിൽ ഒഴിച്ചു കൂടാനാകാത്ത ആഘോഷമാണെന്നിരിക്കെ, ഓണക്കോടിയും പൂക്കളവും ഇട്ട് സമ്പൽ സമൃദ്ധിയുടെ പൊന്നോണത്തെ വരവേൽക്കാനുള്ള ഓടെടാ ഓട്ടത്തിലാണ് കുവൈത്തിലെ മലയാളി പ്രവാസി സമൂഹവും.