ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ മാനസിക സംഘർഷവും ശാരീരിക പ്രയാസങ്ങളും സൃഷ്ടിക്കുന്നു . ഡോ:ഷിംന അസീസ്

0
15

 

 

കുവൈറ്റ്: ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ മാനസിക സംഘർഷവും ശാരീരിക പ്രയാസങ്ങളും സൃഷ്ടിക്കുന്നുവെന്ന്  ഡോക്ടർ ഷിംന അസീസ് പറഞ്ഞു. അമിതമായ മൊബൈൽ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. തുടർച്ചയായുള്ള ഓൺലൈൻ ക്ലാസ്സുകളും വീട്ടിനുള്ളിൽ അടച്ചിട്ടുള്ള ഇരിക്കലും അവരെ മാനസികമായി തളർത്തുന്നു. രക്ഷകർത്താക്കളെ അമിതമായി ആശ്രയിക്കുന്ന മനോഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, എന്തിൽ നിന്നും ഉൾവലിയുന്ന സ്വഭാവം എന്നിവ അവർ പ്രകടിപ്പിക്കുന്നു.

 

കുട്ടികൾക്ക് ആവശ്യമായ വിശ്രമവും മാനസികമായ പിന്തുണയും രക്ഷിതാക്കൾ നൽകണം. കുട്ടികൾ പറയുന്നത് കേൾക്കാനും അവർ ചെയ്യുന്ന കാര്യങ്ങൾ അറിയാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായി കുട്ടികൾ ഫോണും കമ്പ്യൂട്ടറുമൊക്കെ കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ ഇന്റർനെറ്റിലൂടെ ചൂഷണത്തിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കണമെന്നും ഡോ: ഷിംന പറഞ്ഞു.

 

എം.ജി.എം. കുവൈറ്റ് സംഘടിപ്പിച്ച മാതൃസംഗമത്തിൽ  സംസാരിക്കുകയായിരുന്നു ഡോക്ടർ ഷിംന. എം.ജി.എം ജനറൽ സെക്രട്ടറി  ഷൈബി നബീൽ, പ്രസിഡന്റ്  റുബീന അബ്‌ദുറഹ്‌മാൻ, ലബീബ മുഹമ്മദ് എന്നിവർ സംസാരിച്ചു.