കണ്ണൂരിൽ ഗവർണർക്ക് നേരെ പ്രതിഷേധം: ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

0
13
arif muhammed khan

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സര്‍വകലാശാലയിൽ പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയിൽ സംഘടിപ്പിച്ച ഇന്ത്യൻ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെയാണ് ഗവര്‍ണർക്ക് നേരെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചരിത്രകാരന്മാരും വിദ്യാർഥികളും പ്രതിഷേധം ഉയര്‍ത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്ലക്കാർഡുകള്‍ ഉയർത്തിയായിരുന്നു പ്രതിഷേധം. സംഭവത്തിൽ നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ഇതിനു മുമ്പും പലസ്ഥലങ്ങളിലും പ്രതിഷേധം അരങ്ങേറിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ പ്രതിഷേധത്തെ രൂക്ഷമായ ഭാഷയിലാണ് ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചത്. ചടങ്ങിലെ പ്രതിനിധികൾക്ക് അസഹിഷ്ണുതയാണെന്നും പ്രതിഷേധങ്ങളിലൂടെ തന്നെ നിശബ്ദനാക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം.

അതേസമയം ഗവര്‍ണർക്ക് നേരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സിപിഎം രാഷ്ട്രീയ പകപോക്കലിന് ഗവര്‍ണറെ കരുവാക്കുകയാണെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് വിമർശിച്ചത്. കണ്ണൂരിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.