കുവൈറ്റ്: ജനജീവിതം ദുസ്സഹമാക്കി കുവൈറ്റില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കനത്ത മഴ തുടങ്ങിയത്. ഇടയ്ക്ക് ശമിച്ചെങ്കിലും ഉച്ചയോടെ വീണ്ടും ശക്തമായി. രാത്രിയായതോടെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ പൊലിസും അഗ്നിശമന സേനയും രംഗത്തിറങ്ങി.
മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ റോഡിലെ വെള്ളം ടാങ്കറുകൾ ഉപയോഗിച്ച് വറ്റിച്ചതോടെ സ്ഥിതി നിയന്ത്രണവിധേയമായി. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ തന്നെ മുന്നറിയിപ്പുണ്ടായിരിന്നുവെങ്കിലും തകർത്തു പെയ്ത മഴ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. കുവൈത്ത് സിറ്റി, ഫർവാനിയ, ജലീബ് അൽ ശുയൂഖ്, വഫ്ര, അബ്ദലി, മഹ്ബൂല, അബൂഹലീഫ, ഫഹാഹീൽ, സബ്ബിയ്യ, സാൽമിയ, സബാഹ് അൽ സാലിം, സബാഹ് അൽ അഹ്മദ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം കനത്ത മഴയാണ് പെയ്തത്.